പയ്യന്നൂർ റൂറല്‍ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവാണ് കുഞ്ഞിക്കണ്ണൻ പങ്കുവെച്ചത്.
ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പുമാണ് പോസ്റ്റില്‍ ഉള്ളതെന്നും ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പാർട്ടിക്കും ജനങ്ങള്‍ക്കും വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരില്‍ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്. നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകള്‍ സംസാരിക്കട്ടെ എന്നാണെങ്കില്‍, ആ തെളിവുകള്‍ മുന്നോട്ടു വയ്ക്കാൻ കണക്കുകള്‍ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകള്‍ക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങള്‍ക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നില്ക്കുന്ന സത്യം. ആ സത്യത്തെ നിങ്ങള്‍ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇനിയും സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങള്‍ “ധൈര്യപ്പെടേണ്ട”.
2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറല്‍ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി വേണ്ടത്?
നിങ്ങള്‍ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചില്‍ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങള്‍ക്ക്?
ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും.
പോരാട്ടം തുടരുകയാണ്…’



