കൊച്ചി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. എറണാകുളം എലൂരിൽ പുത്തലത്താണ് സംഭവം. അബദ്ധം മനസിലായപ്പോൾ പതാക മാറ്റി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയതായി പരാതി ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാർട്ടികൾ സ്വന്തം കൊടിമരത്തിൽ നിന്ന് പാർട്ടി പതാക നീക്കി ദേശീയപതാക ഉയർത്തിയതിലാണ് പരാതി ഉയർന്നത്. കണ്ണൂരിലും പാലക്കാടുമായി മുസ്ലിം ലീഗ്, ബിജെപി, സിപിഎം പാർട്ടികളാണ് ഇക്കാര്യത്തിൽ ആരോപണം നേരിടുന്നത്. കണ്ണൂർ പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ലീഗ് നേതാക്കളാണ് ദേശീയ പതാക ഉയർത്തിയത്. ശ്രീകണ്ഠാപുരം മുയിപ്രയിൽ പാർട്ടി കൊടിമരത്തിൽ ബിജെപിയും ദേശീയ പതാക ഉയർത്തി. ഇരുപർട്ടികളുടെയും നേതാക്കൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചു.
പാലക്കാട് കൊടുമ്പിൽ സിപിഎം ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന് ബിജെപിയും ആരോപിച്ചു. ഇവിടെ ഇഎംഎസ് സ്മാരക മന്ദിരത്തോട് ചേർന്ന് പാർട്ടി ഓഫീസിന് സമീപം ദേശീയപതാക ഉയർത്തിയിരുന്നു. പാർട്ടി കൊടി സ്ഥാപിച്ചിരുന്ന കൊടിമരത്തിൽ പാർട്ടി പതാക മാറ്റിയാണ് ദേശീയപതാക ഉയർത്തിയത്. പക്ഷെ പാർട്ടി ചിഹ്നം പതിച്ച കൊടിമരമായിരുന്നു ഇത്. ചുവന്ന പെയിൻ്റടിച്ച കൊടിമരത്തിൻ്റെ ഏറ്റവും മുകളിലാണ് വെള്ള നിറത്തിലുള്ള പാർട്ടി ചിഹ്നം ഘടിപ്പിച്ചിട്ടുള്ളത്. ഈ അരിവാൾ ചുറ്റികയുടെ താഴെയായാണ് ദേശീയപതാക ഉയർത്തിയത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് ബിജെപി ആരോപിച്ചു.