കാസർകോട് : കോവിഡ് കാലത്ത് കാസർകോട്ടുനിന്ന് കടൽ കടന്ന് അമേരിക്കയിലെത്തിയ പൂച്ചയുടെ ജഡത്തിന് എന്ത് സംഭവിച്ചു? ആർക്കും അറിയില്ല.കോവിഡ് ബാധിച്ചാണ് പൂച്ച ചത്തതെന്ന് പ്രചാരണം വന്നപ്പോൾ സംശയനിവാരണത്തിനാണ് കാസർകോട് ജനറൽ ആസ്പത്രി അധികൃതർ പൂച്ചയുടെ ജഡം അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിലേക്ക് (സി.ഡി.സി.) പരിശോധനയ്ക്കയച്ചത്. നാളിതുവരെ പരിശോധനാഫലമോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല.
അവകാശികളില്ലാത്തതിനാൽ പൂച്ചയുടെ ജഡത്തിന് എന്ത് പറ്റിയെന്ന് ആരും അന്വേഷിച്ചുമില്ല. കോവിഡിന്റെ കഥയറിയാത്ത പൂച്ചകൾക്ക് പട്ടിണിമാറ്റാൻ ആസ്പത്രി വാർഡുകൾ തന്നെയായിരുന്നു ശരണം. ഭക്ഷണാവശിഷ്ടത്തിനായി എത്തുന്ന അവ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുയർന്നു. വിവരമറിഞ്ഞ വകുപ്പ് മന്ത്രി ആസ്പത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്ലായ്മ സൂചിപ്പിച്ച് നേരിട്ടുവിളിച്ചു.
സൂപ്രണ്ട് അടുത്തുള്ള മൃഗാസ്പത്രിയുമായി ബന്ധപ്പെട്ട് പൂച്ചകളെ നിയന്ത്രിക്കാനുള്ള ഏർപ്പാടാക്കി. കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള എ.ബി.സി. കേന്ദ്രത്തിലേക്ക് പൂച്ചകളെ മാറ്റുകയും ചെയ്തു.



