ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തോളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മത്സരരംഗത്ത് ഇറക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും ഭാരവാഹിത്വം വഹിക്കുന്നവരെയാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണ ആയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പേര് പീരുമേട്ടിലും ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുക്കുകയാണെങ്കിൽ അവിടെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇടുക്കി കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കുകയാണെങ്കിൽ അലോഷ്യസ് സേവ്യർ അവിടെയാകും മത്സരിക്കുക. അല്ലെങ്കിൽ പീരുമേട്ടിൽ മത്സരിക്കും. അങ്ങനെയെങ്കിൽ പീരുമേട്ടിൽ ഒരു പുതുമുഖ വനിതയും കോൺഗ്രസിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.

മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പ്രതാപവർമ്മ തമ്പാന്റെ മകൾ ചൈത്ര തമ്പാനെ ചാത്തന്നൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ചൈത്ര നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ചെങ്ങന്നൂരിൽനിന്ന് ജനവിധി തേടിയേക്കും. ഹരിപ്പാട് സ്വദേശിയാണ് ബിനു ചുള്ളിയിൽ. വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ ഷാരോൺ പനക്കൽ, മനു ജേക്കബ് എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളിൽ ഒരാൾ സ്ഥാനാർഥി ആയേക്കും.

കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത് ആയിരിക്കും നാദാപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറി അബിൻ വർക്കിയെ ആറന്മുള മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ധാരണ. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ മുൻ സംസ്ഥാന ചെയർപഴ്‌സൺ ആയ മുത്താര രാജിനെ മാവേലിക്കര മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി പരിഗണനാപട്ടികയിൽ ഉണ്ട്- അരിത ബാബു (കായംകുളം), ഡോ. എം.പി. പ്രവീൺ (അരൂർ). തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ പി.എൻ. വൈശാഖിന്റെ പേരിനാണ് മുൻഗണന. തൃശ്ശൂരിലെ തന്നെ മണ്ഡലങ്ങളിലൊന്നിൽ ഡോ. സോയ ജോസഫിന്റെ പേരും പരിഗണിക്കുന്നുണ്ട്.