തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ കോൺഗ്രസിൽ അമർഷം പുകയുന്നു. മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്ന സുധാകരനെ പിന്തിരിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി ശക്തമായി വാദിക്കുകയാണ് വിഡി സതീശൻ. ദീപ്തി മേരി വർഗീസിനായി കെ സി വേണുഗോപാലും വാദിക്കുന്നുണ്ട്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിൽ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. അതേസമയം, അരുവിക്കര ആവശ്യപ്പെടുകയാണ് ശിവകുമാറും ശബരീനാഥനും. അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം നടക്കും. രാത്രി മുഴുവൻ ദില്ലിയിൽ മാരത്തൺ ചർച്ചകൾ തുടർന്നു.
ഉദ്വേഗമുള്ള മണ്ഡലങ്ങൾ മുഴുവൻ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചാണ് കോൺഗ്രസ് ആദ്യ പട്ടിക ഇറക്കിയത്. കണ്ണൂരും കോന്നിയും പട്ടികയിൽ ഇല്ല. കെ ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും എൽദോസ് കുന്നപ്പിള്ളി ക്രിമിനൽ കേസിൽ ഉൾപ്പെട്ട പെരുമ്പാവൂരിലും ആരാണ് വരികയെന്നറിയാൻ രണ്ടാം പട്ടിക വരെ കാക്കണം. അമ്പലപ്പുഴയിൽ ജി സുധാകരനും തളിപ്പറമ്പിൽ ടികെ ഗോവിന്ദനും പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആദ്യ പട്ടികയിൽ ഈ മണ്ഡലങ്ങൾ ഇല്ല.
കോൺഗ്രസിൽ 6 ജില്ലകളിലാണ് രൂക്ഷ തർക്കം നിലനിൽക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിൽ നേതാക്കൾ പല തട്ടിൽ നിന്ന് തർക്കം തുടരുന്നു. കണ്ണൂർ കിട്ടിയില്ലെങ്കിൽ കെ സുധാകരൻ ഇന്ന് പരസ്യ പ്രതികരണം നടത്തിയേക്കും. പട്ടികയിൽ നോമിനികളുടെ പ്രാതിനിധ്യം കുറയുന്നതിൽ കടുത്ത അതൃപ്തിയിൽ ആണ് വി ഡി സതീശൻ. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി സതീശൻ വാദം കടുപ്പിച്ചു. ചർച്ചക്കിടെ സതീശൻ പ്രതിഷേധിച്ചിറങ്ങിയെന്നും സൂചനയുണ്ട്.



