കൊളംബിയയിൽ നിയമവിരുദ്ധ സായുധ സംഘങ്ങളിലേക്ക് കുട്ടികളെ നിർബന്ധപൂർവം റിക്രൂട്ട് ചെയ്യുന്ന നടപടികൾ ഭയാനകമായി വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ കുട്ടികളെ വെറും ‘വിലകുറഞ്ഞതും എളുപ്പത്തിൽ ഉപേക്ഷിക്കാവുന്നതുമായ’ പോരാളികളായാണ് ഇത്തരം സംഘങ്ങൾ കാണുന്നതെന്ന് സഭാ വൃത്തങ്ങളും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

ദാരിദ്ര്യം അനുഭവിക്കുന്ന മേഖലകളിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുമാണ് പ്രധാനമായും കുട്ടികളെ പിടികൂടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാലസൈനികരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ‘ഫിഡെസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആയുധങ്ങൾ കൈകാര്യം ചെയ്യാനും ചാരപ്പണി നടത്താനും മയക്കുമരുന്ന് കടത്താനും കുട്ടികളെ ഉപയോഗിക്കുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തിയോ മയക്കുമരുന്നിന് അടിമകളാക്കിയോ ആണ് ഇവരെ സംഘങ്ങളിൽ നിലനിർത്തുന്നത്.

കുട്ടികളുടെ അവകാശങ്ങൾ ഇത്തരത്തിൽ ലംഘിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി നശിപ്പിക്കുമെന്ന് കൊളംബിയയിലെ കത്തോലിക്കാ സഭ വ്യക്തമാക്കി. കുട്ടികളെ യുദ്ധമുഖത്തുനിന്ന് മോചിപ്പിക്കാനും അവർക്ക് വിദ്യാഭ്യാസവും സുരക്ഷിതത്വവും ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സഭ ആവശ്യപ്പെട്ടു.

സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയിൽ ഇരകളാക്കപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ഈ കുട്ടികളാണ്. യുദ്ധക്കളത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ മൃതദേഹങ്ങൾ പോലും പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. കൊളംബിയയിലെ പല ഗ്രാമപ്രദേശങ്ങളിലും മാതാപിതാക്കൾ തങ്ങളുടെ മക്കളെ സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോകുമോ എന്ന ഭീതിയിലാണ് കഴിയുന്നത്.

ബാലസൈനികരുടെ പുനരധിവാസത്തിനായി കൂടുതൽ പദ്ധതികൾ വേണമെന്നും, സായുധ ഗ്രൂപ്പുകളുമായുള്ള സമാധാന ചർച്ചകളിൽ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക എന്നത് പ്രധാന നിബന്ധനയായി വെക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കൊളംബിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.