കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുകയാണ് ചെയ്യുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെൽ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.