മനസിനെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിലും സിനിമാ രംഗത്തും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് നിർഭയമായി കടന്നുവരാനുള്ള ഇടം സിനിമയിലാകണം. ജനങ്ങളുടെ ആരാധന ധാർമിക മൂല്യമായി തിരിച്ചു നൽകാൻ താരങ്ങൾക്ക് കടമയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിന് ശ്രീകുമാരൻ തന്പി പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവവൈവിധ്യങ്ങളുടെ കലാകാരനാണ് മോഹന്‍ലാലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 

‘മോഹന്‍ലാലിലെ മനുഷത്വവും ജീവകാരുണ്യമനോഭാവവും എടുത്തുപറയേണ്ടതാണ്. പ്രളയമുണ്ടായപ്പോള്‍ ആദ്യഘട്ടത്തില്‍തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ സംഭാവനയുമായി നേരിട്ടുവന്നു. വയനാട് ദുരന്തമുണ്ടായപ്പോഴും ആദ്യംതന്നെ സഹായം പ്രഖ്യാപിച്ചവരുടെ നിരയിലാണ് മോഹന്‍ലാല്‍.