843 ദിവസങ്ങൾക്കുശേഷം ഇസ്രയേലിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന കൗണ്ട്‌ഡൗൺ ക്ലോക്ക് നിലച്ചു. 2023 ഒക്ടോബർ ഏഴ് മുതൽ സെക്കൻഡുകൾ, മിനിറ്റുകൾ, മണിക്കൂറുകൾ, ദിവസങ്ങൾ എന്നിവ എണ്ണിത്തുടങ്ങിയ ഹോസ്റ്റേജസ് സ്ക്വയറിലെ ക്ലോക്ക് 2026 ജനുവരി 27, ചൊവ്വാഴ്ച വൈകുന്നേരം 5:30 ന് നിലച്ചു.

ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോയതിനുശേഷം ഇസ്രായേലി ബന്ദികൾ തടവിലായിരുന്ന സമയം അടയാളപ്പെടുത്തുക എന്നതായിരുന്നു ഈ ക്ലോക്കിന്റെ ലക്ഷ്യം. ആ സമയത്ത്, കുടുംബങ്ങൾക്കും രാജ്യം മുഴുവനും സമയം നിലച്ചു പോയതായി തോന്നിയെന്നാണ് ഹോസ്റ്റെജസ് ഫോറം പ്രസ്താവനയിൽ പറഞ്ഞത്.

ഒക്ടോബർ ഏഴിലെ അധിനിവേശത്തിലെ അവസാന ഇസ്രായേലി ബന്ദിയായ സർജന്റ്-മേജർ റാൻ ഗ്വിലിയുടെ മൃതദേഹ അവശിഷ്ടങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെ വടക്കൻ ഗാസയിലെ ഷെജായ-ദരാജ്-തുഫ ഭാഗത്തുള്ള അൽ-ബതേഷ് സെമിത്തേരിയിൽ നിന്ന് ഐഡിഎഫ് കണ്ടെത്തി. ബുധനാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ മെയ്തറിൽ അദ്ദേഹത്തിന്റെ സംസ്കാരം നടക്കും. ഇതോടെ ഒക്ടോബർ ഏഴിന് ഹമാസ് പിടിച്ചെടുത്ത എല്ലാ ബന്ദികളെയും ജീവനോടെയോ കൊല്ലപ്പെട്ടോ തിരിച്ചെത്തിക്കുന്നതിന് വിരാമമായി.

“ഇന്ന്, 844 ദിവസങ്ങൾക്കുശേഷം – 20,250 മണിക്കൂറിലധികം, 12,15,000 മിനിറ്റിലധികം, 7,29,20,000 സെക്കൻഡിലധികം – നമുക്ക് ഒടുവിൽ കൗണ്ട് ഡൌൺ അവസാനിപ്പിക്കാൻ കഴിയും,” ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ ഫോറം പറഞ്ഞു. റാൻ ഗ്വിലിയുടെ സഹോദരി ഷിറ ഗ്വിലിയുടെയും ഹമാസ് തടവിൽ വച്ച് കൊല്ലപ്പെട്ട മകൻ മൈക്കൽ ഇല്ലൂസിന്റെയും മുൻ ബന്ദിയായ സെഗേവ് കാൽഫോണിന്റെയും പ്രസ്താവനകൾ കൌണ്ട് ഡൌൺ ക്ലോക്ക് നിർത്തൽ ചടങ്ങിൽ ഉണ്ടായിരുന്നു.

മുൻ ബന്ദി ഒമർ ഷെം ടോവിന്റെ പിതാവും ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ സഹസ്ഥാപകനുമായ മാൽക്കി ഷെം ടോവും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫോറത്തിന്റെ ദൗത്യം പൂർത്തിയായതായി പ്രഖ്യാപിച്ചു. “ഒക്ടോബർ 7 ന് നമ്മുടെ ലോകം നിലച്ചതിനുശേഷം, 844 ദിവസത്തേക്ക്, ക്ലോക്ക് എല്ലാ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും എണ്ണിക്കൊണ്ടിരുന്നു. ക്ലോക്ക് മൂന്ന് അക്കത്തിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, അത് നാലിലെത്തുമെന്ന് ഞങ്ങൾ ഭയപ്പെട്ടു. ദൈവത്തിന് നന്ദി, ഒടുവിൽ നമുക്ക് ക്ലോക്ക് നിർത്താൻ കഴിഞ്ഞു.” അദ്ദേഹം പറഞ്ഞു.

എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാൻ സഹായിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിനും, ജാരെഡ് കുഷ്നറിനും ഷെം ടോവ് പ്രത്യേകം നന്ദി പറഞ്ഞു. “ഒക്ടോബർ 7 ന് സംഭവിച്ചതും തുടർന്നുള്ള രണ്ട് വർഷത്തിലേറെയും നമ്മൾ ഒരിക്കലും മറക്കരുത്. നമ്മൾ പ്രതീക്ഷിച്ച ഒരു ദിവസമാണിത്, പക്ഷേ നഷ്ടപ്പെട്ടതിന്റെ ഭാരം നമ്മൾ വഹിക്കുന്നു, അത് ഒരിക്കലും മറക്കരുത്”- ഷെം ടോവ് പറഞ്ഞു.