ഇസ്രായേൽ യുദ്ധത്തിന് ശേഷം ഗാസയിൽ ഏറ്റവും ശക്തമായ ആഭ്യന്തര സംഘർഷമുണ്ടായി. ഗാസ സിറ്റിയിൽ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് ഗോത്രത്തിലെ സായുധാംഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ഇതിൽ 19 പേർ ദുഗ്മുഷ് ഗോത്രക്കാരും എട്ടു പേർ ഹമാസ് തീവ്രവാദികളുമാണ്. ഇസ്രായേലി സൈന്യം പിന്‍വാങ്ങിയതിനുശേഷം ഉണ്ടായ ഏറ്റവും അക്രമാസക്തമായ ആഭ്യന്തര ഏറ്റുമുട്ടലുകളിൽ ഒന്നാണിത്.

നഗരത്തിലെ ജോർദാനിയൻ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികൾ ആദ്യം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറയുന്നു. 300-ൽ അധികം ഹമാസ് ഭീകരർ ഗോത്രക്കാർ തമ്പടിച്ച കെട്ടിടം വളയുകയായിരുന്നു. കനത്ത വെടിവെപ്പിൽ ഭയന്ന് നിരവധി കുടുംബങ്ങൾ പലായനം ചെയ്തു. “സ്വന്തം ആളുകളിൽ നിന്നാണ് ഇവർ ഓടി രക്ഷപ്പെടുന്നത്” എന്ന് പ്രദേശവാസികൾ പറയുന്നു.

സംഘർഷത്തിന് കാരണം ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് ഹമാസ് പറയുമ്പോൾ, അഭയം തേടിയവരെ ഒഴിപ്പിച്ച് താവളം സ്ഥാപിക്കാൻ ഹമാസ് ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ദുഗ്മുഷ് ഗോത്രം ആരോപിച്ചു. ഇസ്രായേൽ സൈന്യം ഒഴിഞ്ഞ പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാൻ ഹമാസ് ഏഴായിരത്തോളം പ്രവര്‍ത്തകരെ തിരികെ വിളിച്ചിട്ടുണ്ട്.