‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തിന്റെ അവതരണ വേളയിൽ, നിർമ്മിതബുദ്ധിയുടെ (AI) വികസനം ഉയർത്തുന്ന മൂന്ന് പ്രധാന ധാർമ്മിക വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആന്ത്രോപിക് സഹസ്ഥാപകനായ ക്രിസ്റ്റഫർ ഒലാ. മെയ് 25 ന് വത്തിക്കാനിലെ സിനഡ് ഹാളിൽ അക്കാദമിക്- നയതന്ത്ര-മത-ആഗോള പ്രതിനിധികൾ ഒത്തുകൂടിയ വേളയിലാണ് ഇക്കാര്യങ്ങൾ വിശകലനം ചെയ്തത്.
ആന്ത്രോപിക് ഉൾപ്പെടെയുള്ള ഏറ്റവും നൂതനമായ എഐ ലാബുകൾ പോലും പൊതുനന്മയ്ക്ക് വിരുദ്ധമായേക്കാവുന്ന സാമ്പത്തിക, ഭൗമരാഷ്ട്രീയ, വ്യക്തിഗത പ്രോത്സാഹനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സമ്മതിച്ചുകൊണ്ടാണ് ഓല തന്റെ പ്രസംഗം ആരംഭിച്ചത്. “വാണിജ്യപരമായി ലാഭകരമായി തുടരാനും ഗവേഷണത്തിന്റെ മുൻപന്തിയിൽ തുടരാനുമുള്ള സമ്മർദം, ഭൗമരാഷ്ട്രീയ സമ്മർദങ്ങൾ, അഭിമാനത്തിന്റെയും അഭിലാഷത്തിന്റെയും പഴയകാല സമ്മർദങ്ങൾ എന്നിവ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നവരെ അനിവാര്യമായും സ്വാധീനിക്കും” – അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഈ സാങ്കേതികവിദ്യ വിജയിക്കണമെങ്കിൽ, ആ പ്രോത്സാഹനങ്ങൾക്കു പുറത്തുള്ള ആളുകൾ, സുരക്ഷ ആവശ്യപ്പെടുന്നവർ, ശ്രദ്ധിക്കുന്നവർ, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറയാൻ തയ്യാറുള്ളവർ എന്നിവരുണ്ടാകേണ്ടത് വളരെ പ്രധാനമാണ്” – അദ്ദേഹം പറഞ്ഞു. അതിനാൽ ഈ ചാക്രികലേഖനം ചർച്ച ചെയ്യുന്ന കാര്യങ്ങൾ സമയോചിതമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



