താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) ഭിന്നത രൂക്ഷമാകുന്നു. സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമായ പശ്ചാത്തലത്തിലും വിഷയത്തിൽ പ്രതികരിക്കാതെ മുതിർന്ന താരങ്ങൾ മൗനം തുടരുകയാണ്. വിവാദങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ പ്രമുഖരടക്കമുള്ള ആരും ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, സംഘടനയിലെ മുതിർന്ന താരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധയാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി.
എക്സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ്. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നുവെന്നും അതിൽ സംഘടനയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. താൻ തോറ്റ് പിന്മാറാനല്ല ജനറൽ ബോഡിയിൽ പോകുന്നതെന്നും പറയാനുള്ള കാര്യങ്ങൾ ജനറൽ ബോഡി യോഗത്തിൽ തുറന്നുപറയുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
വിവാദമായി കുടുംബസംഗമ സ്പോൺസർഷിപ്പ് കരാർ
ഇതിനിടെ, നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമായ ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ ധാരണാപത്രം പുറത്തുവന്നു. ഫെബ്രുവരി 14-നായിരുന്നു സംഘടനയുടെ കുടുംബസംഗമം നടന്നത്. വിവാദ വ്യവസായി ടി.ജി. നന്ദകുമാർ ചെയർമാനായ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ. 75 ലക്ഷം രൂപ രണ്ട് ഘട്ടങ്ങളായി നൽകാമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും നന്ദകുമാറുമാണ് ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
കരാർ പ്രകാരം 30 ലക്ഷം രൂപ ക്ഷേത്രക്കമ്മിറ്റി മുൻകൂറായി നൽകിയിരുന്നു. മുൻപ് നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ നടി അൻസിബ ഇതിനെ ശക്തമായി എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു. ഇനി കരാർ പ്രകാരം 45 ലക്ഷം രൂപ കൂടി ‘അമ്മ’യ്ക്ക് ലഭിക്കാനുണ്ട്. എന്നാൽ, കുടുംബസംഗമ വേദിയിൽ തങ്ങളുടെ പരസ്യം വേണ്ട രീതിയിൽ പ്രദർശിപ്പിച്ചില്ല എന്ന എതിർപ്പ് ക്ഷേത്ര ഭാരവാഹികൾ ഉന്നയിച്ചിട്ടുണ്ട്. നൽകാനുള്ള ബാക്കി തുക ഈ മാസം 31-നകം സംഘടനയ്ക്ക് നൽകുമെന്ന് ടി.ജി. നന്ദകുമാർ വ്യക്തമാക്കി.
‘എന്നെയും ജിഹാദിയെന്ന് വിളിച്ചു’ – നടി ഉഷാ ഹസീന
സംഘടനയിലെ ഒരു എക്സിക്യുട്ടീവ് കമ്മിറ്റി അംഗം തന്നെയും ‘ജിഹാദി’ എന്ന് വിളിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി നടി ഉഷാ ഹസീന രംഗത്തെത്തി. തന്നോട് അങ്ങനെ പെരുമാറിയത് ആരാണെന്ന് വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ പരസ്യമാക്കുമെന്നും അവർ പറഞ്ഞു. ‘അമ്മ’യിൽ നിന്ന് മുൻപ് പുറത്തുപോയ അതിജീവിത ഉൾപ്പെടെയുള്ള എല്ലാ നടിമാരെയും തിരിച്ചുകൊണ്ടുവരുമെന്നാണ് തുടക്കത്തിൽ പ്രസിഡന്റ് പറഞ്ഞിരുന്നത്. പിന്നീട് നടന്ന കമ്മിറ്റിയിൽ അൻസിബ ഇക്കാര്യം വീണ്ടും ചോദിച്ചപ്പോൾ ചില അംഗങ്ങൾ ഇതിനെ എതിർത്തു എന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. ആ എതിർത്തവർ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ഉഷ ആവശ്യപ്പെട്ടു.



