ലോകമെമ്പാടും ക്രിസ്തുമസ് ഏറ്റവും മനോഹരവും ശാന്തവുമായി ആചരിച്ചു. എന്നാൽ, ഭൂമിയിൽ മാത്രമല്ല ആകാശത്തും ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടായിരുന്നു. വ്യോമയാനരംഗത്തെ പ്രമുഖരായ എമിറേറ്റ്സ് ഗ്രൂപ്പ് അവരുടെ ക്രിസ്തുമസ് ആഘോഷങ്ങൾ അൽപം വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. ഡിസംബർ 23 ചൊവ്വാഴ്ച, ദുബായ് ആസ്ഥാനമായുള്ള എയർലൈൻ, എക്‌സിൽ ഒരു വീഡിയോ പങ്കിട്ടത് ശ്രദ്ധേയമായി.

സാന്തായെയും അദ്ദേഹത്തിന്റെ ഇരിപ്പിടവും വലിച്ചുകൊണ്ടുപോകുന്ന റെയിൻഡിയർ രീതിയിലുള്ള വിമാനമാണ് ലോകശ്രദ്ധയാകർഷിച്ചത്. എമിറേറ്റ്‌സിന്റെ മുൻനിര സൂപ്പർജംബോ ആയ എയർബസ് A380 ആയിരുന്നു സാന്തായുടെ ഹിമവണ്ടിയാക്കി മാറ്റിയത്. അതിനെ അവർ ‘സ്ലെയ്380’ എന്ന് പുനർ നാമകരണം ചെയ്തു.

സ്ലെയ് 380 തിളങ്ങുന്ന ചുവന്ന മൂക്ക് കൊണ്ട് അലങ്കരിച്ചിരുന്നു. അതോടൊപ്പം, വിമാനത്തിനു മുകളിൽ നന്നായി അലങ്കരിച്ച ഒരു റീത്ത് സ്ഥാപിച്ചിരുന്നു. അതിൽ നിന്ന് റെയിൻഡിയർ കൊമ്പുകൾ ഉയർന്നുവന്നു.

വീഡിയോയുടെ മറ്റൊരു ഭാഗത്ത്, ഗ്രൗണ്ട് സ്റ്റാഫ് സമ്മാനങ്ങളുടെ ഒരു കൂട്ടം അടുക്കിവച്ച് വിമാനത്തിൽ ഉറപ്പിക്കുന്നതു കാണാം. വർണ്ണാഭമായ സമ്മാനങ്ങൾ കയറ്റിയശേഷം, സമ്മാനങ്ങൾ ആഗോളമായി ഡെലിവറി ചെയ്യുന്ന ഡ്യൂട്ടിയിലാണെന്ന മട്ടിൽ സ്ലെയ് 380 റൺവേയിലൂടെ വേഗത്തിൽ പറന്നുയർന്ന് മഞ്ഞുനിറഞ്ഞ ആകാശത്തേക്ക് അപ്രത്യക്ഷമാകുന്നു. ശ്രദ്ധേയമായ ഈ ഡിജിറ്റൽ കലാസൃഷ്ടിയുടെ ക്രെഡിറ്റ് ദുബായ് ആസ്ഥാനമായുള്ള റീൽ സ്രഷ്ടാവും ക്രിയേറ്റീവ് ഡയറക്ടറുമായ മൊസ്തഫ എൽഡിയാസ്റ്റിനാണ്.