ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാമായണത്തിന്റെ ദൃശ്യാവിഷ്കാരം. രൺബീർ കപൂർ, സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിനു മുന്നോടിയായി എത്തിയ ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമ്പോഴും ഒരുകൂട്ടം ആളുകൾ രൺബീറിനെ ലക്ഷ്യംവെച്ചുകൊണ്ട് വിദ്വേഷ പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയാണ്.

രാമനായി രൺബീർ വേഷമിടുന്നതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ബീഫ് കഴിക്കുന്നതിനെക്കുറിച്ച് 15 വർഷങ്ങൾക്ക് മുമ്പ് രൺബീർ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചാണ് ആക്ഷേപങ്ങൾ. ബീഫ് കഴിക്കുന്ന ഒരാൾ എങ്ങിനെയാണ് രാമനായി വേഷമിടുക എന്നാണ് ചിലർ സാമൂഹ്യമാധ്യമങ്ങളിൽ ചോദിക്കുന്നത്. 

എന്നാൽ, വിഷയം ചർച്ചയായതോടെ വിവാദത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. ‘ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം. ഭക്ത ഇന്ത്യയിൽ വോട്ട് നേടുന്നതിനായി അയാൾക്ക് പരോൾ ലഭിച്ചുകൊണ്ടേയിരിക്കാം. എന്നാൽ, ഒരാൾ എന്ത് കഴിക്കുന്നു എന്നത് വലിയ പ്രശ്നമാണ്.’ ചിന്മയി ‘എക്സി’ൽ കുറിച്ചു.

അതേസമയം, രണ്ട് ഭാ​ഗങ്ങളായിട്ടായിരിക്കും ചിത്രം ഒരുങ്ങുക. പ്രശസ്ത ഹോളിവുഡ് സം​ഗീതജ്ഞൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നമിത് മൽഹോത്ര നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് യഷ് ആണ്. എട്ടുതവണ ഓസ്കർ നേടിയ DNEG-യാണ് രാമായണത്തിന്റെ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാ​ഗം അടുത്തവർഷം ദീപാവലിക്ക് റിലീസ് ചെയ്യും. 2027 ദീപാവലിക്കു ശേഷമായിരിക്കും രണ്ടാം ഭാ​ഗം തിയേറ്ററുകളിലെത്തുക.