തായ്‌വാൻ വിഷയത്തിൽ ജപ്പാൻ സ്വീകരിച്ച നിലപാടുകളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി 20 ജാപ്പനീസ് കമ്പനികളെ ചൈന തങ്ങളുടെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. മറ്റൊരു 20 കമ്പനികളെ നിരീക്ഷണ പട്ടികയിലും പെടുത്തിയിട്ടുണ്ട്. സൈനിക ആവശ്യങ്ങൾക്കും സാധാരണ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ‘ദ്വി ഉപയോഗ’ (Dual-use) ഉൽപ്പന്നങ്ങൾ ഈ കമ്പനികൾക്ക് വിൽക്കുന്നതിനാണ് ചൈനീസ് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.
മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്, കവാസാക്കി ഹെവി ഇൻഡസ്ട്രീസ്, ഫുജിറ്റ്സു തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് ചൈനയുടെ നടപടി നേരിടുന്നത്. കപ്പൽ നിർമ്മാണം, വിമാന എൻജിനുകൾ എന്നിവയുടെ നിർമ്മാണത്തിൽ മുൻനിരയിലുള്ള കമ്പനികളാണിവ. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഈ കമ്പനികൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് കയറ്റുമതിക്കാർ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സുബാരു കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് നിരീക്ഷണ പട്ടികയിലുള്ളത്.
തായ്‌വാനെ ചൈന ആക്രമിച്ചാൽ ജപ്പാൻ സൈനികമായി ഇടപെട്ടേക്കുമെന്ന പ്രധാനമന്ത്രി സനേ തകായിച്ചിയുടെ പ്രസ്താവനയാണ് ചൈനയെ ചൊടിപ്പിച്ചത്. എന്നാൽ തങ്ങളുടെ ഈ നടപടി നിയമാനുസൃതമാണെന്നും സാധാരണ നിലയിൽ വ്യാപാരം നടത്തുന്ന കമ്പനികളെ ഇത് ബാധിക്കില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ ഈ നീക്കം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



