വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന. തുടർച്ചയായി ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും യുഎസ് ഈ നടപടി തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
യുഎസിന്റെ പ്രസ്താവന ഇരട്ടത്താപ്പിന്റെ ഉദാഹരണമാണെന്നും തുടർച്ചയായി ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു. താരിഫ് യുദ്ധത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം അങ്ങനെയൊന്ന് വന്നാല്‍ അതിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടികൾ ചൈനയുടെ താത്പര്യങ്ങൾക്ക് കടുത്ത ദോഷം വരുത്തുന്നതും ഇരുപക്ഷവും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ചർച്ചകളുടെ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്നതാണെന്നും വാണിജ്യ മന്ത്രാലയവും വ്യക്തമാക്കി.
“വ്യാപാരയുദ്ധത്തിൽ ചൈനയുടെ നിലപാട് ഉറച്ചതാണ്. തെറ്റായ നടപടികൾ യുഎസ് ഉടൻ തിരുത്തണം. യുഎസ് തെറ്റായ വഴിയിൽത്തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ, തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. “- വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ ചുമത്തുന്നതിന് പുറമേ ചില സോഫ്റ്റ്‌വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്താനും അമേരിക്ക തീരുമാനിച്ചിരുന്നു. നവംബര്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും എന്നാല്‍ അത് നടക്കുമോ എന്ന് തനിക്കറിയില്ലെന്നും പിന്നീട് ട്രംപ് നിലപാടെടുത്തു.