ലാേക പൊലീസായ അമേരിക്കയെ കടത്തിവെട്ടാൻ ഒരുങ്ങി ചൈന. അമേരിക്കയുടെ പ്രതിരാേധ ആസ്ഥാനമായ പെന്റഗണിനെക്കാൾ പതിന്മടണ്ട് വലിപ്പമുള്ള പുതിയ പ്രതിരോധ ആസ്ഥാനം നിർമ്മിച്ചാണ് അമേരിക്കയെ പിന്നിലാക്കാൻ ചൈന ഒരുങ്ങുന്നത്. കേന്ദ്രത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി എന്നാണ് അമേരിക്കൻ ഇന്റലിജൻസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാകുന്നതോടെ ഇത്തരത്തിൽ ലോകത്ത് മറ്റൊന്നുണ്ടാവില്ല.

മൂന്നാം ലോക മഹായുദ്ധത്തിനുവേണ്ടിയുള്ളത് എന്നാണ് പ്രതിരോധ കേന്ദ്രത്തെ ഇന്റലിജൻസ് കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്. പെന്റഗണിനെക്കാൾ പത്തുമടങ്ങ് വലിപ്പമാണ് നിർമാണം പൂർത്തിയായി വരുന്ന ചൈനയുടെ പ്രതിരോധ ആസ്ഥാനത്തിനുള്ളതെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന . തലസ്ഥാനമായ ബീജിംഗിൽ നിന്ന് ഏകദേശം 20 മൈൽ തെക്കുപടിഞ്ഞാറാണ് ഇത്. 2024 മദ്ധ്യത്തോടെ നിർമാണം തുടങ്ങിയത്. ഇതുസംബന്ധിച്ച് ഒരു സൂചനയും പുറത്തുപോകാതിരിക്കാൻ ചൈന കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നാൽ ഇതിൽ വിജയിച്ചില്ല. കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രമടക്കം വാർത്തകളിലൂടെ പുറത്തുവന്നു. എന്നാൽ ഇത്തരമൊരു കേന്ദ്രം നിർമ്മിക്കുന്ന കാര്യം സമ്മതിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.

ഈ വർഷം ജൂണോടെ കേന്ദ്രത്തിലെ പുതിയ റോഡുകളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. നൂറിലധികം പടുകൂറ്റൻ ക്രെയിനുകൾ നിർമാണസ്ഥലത്ത് പ്രർത്തിക്കുന്നുണ്ടെന്നാണ് നാഷണൽ ജിയോസ്‌പേഷ്യൽ-ഇന്റലിജൻസ് ഏജൻസിയിലെ മുൻ ഇമേജറി അനലിസ്റ്റ് റെന്നി ബാബിയാർസ് പറയുന്നത്. ഉപഗ്രഹ ചിത്രങ്ങളടക്കമാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

പ്രദേശം അധികൃതരുടെ കർശന നിയന്ത്രണത്തിലാണ്. സർക്കാരിലെയും സൈന്യത്തിലെയും ഉന്നതർക്കൊഴികെ മറ്റാർക്കും ഇവിടേയ്ക്ക് പ്രവേശനമില്ല. ഡ്രോണുകൾ ഇവിടേയ്ക്ക് കടക്കുന്നതും പ്രദേശത്തിന്റെ ചിത്രം പകർത്തുന്നതും നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നേരത്തേ ഉണ്ടായിരുന്ന റോഡുകളും പാതകളും പൂർണമായി ഇല്ലാതാക്കിയിട്ടുണ്ട്.

അമേരിക്കയെ പിന്നിലാക്കാനുള്ള ചൈനയുടെ അഭിലാഷമാണ് പുതിയ പ്രതിരോധ കേന്ദ്രത്തിന്റെ നിർമാണത്തിന് പിന്നിലെന്നാണ് ബാബിയാർസ് വ്യക്തമാക്കുന്നത്. ചൈനയ്ക്ക് വർദ്ധിച്ചുവരുന്ന സൈനിക അഭിലാഷങ്ങളുണ്ട്. 2027 ആകുന്നതോടെ നിലവിലുള്ള സൈന്യത്തെ മുഴുവൻ പരിഷ്കരിക്കാനും അത്യാധുനികമാക്കാനുമുള്ള പ്രവത്തനങ്ങൾ ചൈന നേരത്തേ തന്നെ തുടങ്ങിയിരുന്നു. ഇതിലെ സുപ്രധാനമായൊരു നീക്കമാണ് പുതിയ പ്രതിരോധ കേന്ദ്രത്തിന്റെ നിർമാണം.

സ്വന്തം ആണവായുധങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആണവ ആയുധങ്ങളിൽ നിന്നുള്ള സംരക്ഷവും പ്രതിരോധ കേന്ദ്രത്തിന്റെ നിർമാണത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. ഷി ജിൻപിംഗ് അതിവേഗം ആണവായുധങ്ങളുടെ വൻ ശേഖരം സ്വന്തമാക്കുകയാണെന്നും ഒരു ദശാബദ്ധത്തിനുള്ളിൽ അമേരിക്കയ്ക്ക് ശക്തമായ എതിരാളിയായി ചൈന മാറുമെന്നുമാണ് കണക്കാക്കുന്നത്. ചൈനയുടെ പുതിയ നീക്കം ഇന്ത്യയ്ക്കും കടുത്ത ഭീതി ഉയർത്തിയേക്കും.