ബീജിങ്: ചൈന തങ്ങളുടെ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ 2020 മുതൽ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു എസ് സൈന്യത്തെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നും സി എൻ എൻ. പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിശകലന റിപ്പോർട്ടിൽ പറയു്നു.
പ്രസിഡൻ്റ് ഷി ജിൻപിങ് 2012-ൽ അധികാരത്തിൽ വന്നതുമുതൽ പീപ്പിൾസ് ലിബറേഷൻ ആർമിയെ ‘ലോകോത്തര’ നിലവാരത്തിലേക്ക് ഉയർത്താൻ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ വിപുലീകരണത്തിൻ്റെ പ്രധാന കേന്ദ്രം, ചൈനയുടെ ആണവ ശേഖരം കൈകാര്യം ചെയ്യുന്ന പി എൽ എ റോക്കറ്റ് ഫോഴ്സ് (PLARF) ആണ്. തന്ത്രപരമായ പ്രതിരോധത്തിൻ്റെ നെടുംതൂണാണ് ഈ സേനയെന്ന് ഷി ജിൻപിങ് വിശേഷിപ്പിച്ചിരുന്നു. മിസൈൽ ഉത്പാദനവുമായി ബന്ധമുള്ള 136 കേന്ദ്രങ്ങളിൽ 60 ശതമാനത്തിലധികം സൈറ്റുകളിലും വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
2020-ൻ്റെ തുടക്കം മുതൽ 2025 അവസാനത്തോടെ, ഈ കേന്ദ്രങ്ങളിൽ 20 ലക്ഷം ചതുരശ്ര മീറ്ററിലധികം പുതിയ നിർമ്മിത ഇടങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ആയുധ വികസനത്തിനായി പുതിയ ടവറുകൾ, ബങ്കറുകൾ, ഹാങ്ങറുകൾ എന്നിവയാണ് ഉപഗ്രഹ ചിത്രങ്ങളിൽ പ്രധാനമായും കാണുന്നത്. ഇവയെല്ലാം ലക്ഷ്യമിടുന്നത് ഗ്രാമീണ മേഖലകളെ അതിവേഗം സൈനിക വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റാനാണ്. ഹ്രസ്വദൂര, ഹൈപ്പർസോണിക്, ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ (ICBMs) ഉത്പാദന ശേഷി കുത്തനെ വർദ്ധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു.



