ചെറുതും വലുതുമായ നൂറുകണക്കിന് മുളകുപൊടി കമ്പനികൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്. അതിനാൽ തന്നെ മായം ചേർത്തത് ഏതാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മായം ചേർത്ത മുളകുപൊടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണ്. മുളകുപൊടിയിൽ മായം ചേർത്തിട്ടുണ്ടോയെന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. അവ എങ്ങനെയെന്ന് നോക്കിയാലോ?
ഇതിനായി ആദ്യം ഒരു ചില്ലുഗ്ലാസിൽ നിറയെ വെള്ളമെടുക്കുക. ശേഷം ഈ ഗ്ലാസിലേക്ക് ഒരു ചെറിയ സ്പൂൺ മുളകുപൊടി ഇട്ടുകൊടുക്കുക. മായം ചേർക്കാത്ത മുളകുപൊടി കുറച്ച് നേരം വെള്ളത്തിന്റെ ഉപരിതലത്തിൽ തന്നെ നിൽക്കുകയും അതിന്ശേഷം ക്രമേണ ഗ്ലാസിന്റെ അടിഭാഗത്ത് വന്ന് അടിയുകയും ചെയ്യും.
വെള്ളത്തിന്റെ നിറം മാറുന്നില്ല. മായം ചേർത്ത മുളകുപൊടി ആണെങ്കിൽ വെള്ളത്തിൽ പൊടി ഇട്ട ഉടൻ തന്നെ താഴേക്ക് വീഴുകയും വെള്ളത്തിന് ചുവന്ന നിറം വരികയും ചെയ്യുന്നു.
മുളകുപൊടിയിൽ മണലോ ഇഷ്ടികപ്പൊടിയോ ചേർത്തിട്ടുണ്ടോയെന്ന് അറിയാൻ ഗ്ലാസിന് അടിഭാഗത്ത് അടിഞ്ഞ അടിഞ്ഞ മുളകുപൊടി കെെയിൽ എടുത്ത് തിരുമ്മിനോക്കുക. കെെകളിൽ ഉരയുന്നുണ്ടെങ്കിൽ അതിൽ ഇഷ്ടികയോ മണലോ ചേർത്തിട്ടുണ്ടെന്നാണ് അർത്ഥം. പശ പോലെ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അതിൽ സോപ്പ് ചേർത്തിട്ടുണ്ടാകും.