ഇറാനിലുണ്ടായ പൊതുജന പ്രക്ഷോഭങ്ങൾക്കിടെ കസ്റ്റഡിയിലെടുക്കപ്പെട്ട എല്ലാ കുട്ടികളും ഇപ്പോഴും തടങ്കലിലാണെന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെട്ട് യൂണിസെഫ്. അറസ്റ്റിലായ എല്ലാ കുട്ടികളെയും അടിയന്തരമായി വിട്ടയക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

നിലവിൽ എത്ര കുട്ടികൾ തടങ്കലിലുണ്ടെന്നോ അവർ ഏത് സാഹചര്യത്തിലാണ് കഴിയുന്നതെന്നോ സ്ഥിരീകരിക്കാൻ സാധ്യമല്ല. അതിനാൽ, കസ്റ്റഡിയിലുള്ള എല്ലാ കുട്ടികളെയും നേരിട്ട് കാണാനും അവരുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും വിലയിരുത്താനും സ്വതന്ത്രമായ അനുമതി ഉടനടി നൽകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

“കുട്ടികളാണ് മുതിർന്നവരല്ല” എന്നും അവർക്ക് മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ പരിചരണവും സംരക്ഷണവും ആവശ്യമാണെന്നും. അവരെ മുതിർന്ന കുറ്റവാളികളെപ്പോലെ കാണുന്നത് തെറ്റായ നടപടിയാണെന്നും യുണിസെഫ് ഓർമ്മിപ്പിച്ചു. “സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കുട്ടികളോട് മനുഷ്യത്വത്തോടും മാന്യതയോടും കൂടി പെരുമാറണം. അവരുടെ കുടുംബങ്ങളെ കാണാനും നിയമസഹായം ലഭിക്കാനുമുള്ള അവകാശം നിഷേധിക്കരുത്. അന്താരാഷ്ട്ര നിയമപ്രകാരം ഇവയെല്ലാം പാലിക്കേണ്ടതാണെന്ന് യുണിസെഫ് എടുത്തുപറഞ്ഞു.”

“കുട്ടികൾ രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള അസ്വസ്ഥതകളുടെ ഇരകളാകാൻ പാടില്ല. ഇറാനിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അറസ്റ്റിലായ കുട്ടികളുടെ കാര്യത്തിൽ ഞങ്ങൾക്ക് വലിയ ആശങ്കയുണ്ട്. അന്താരാഷ്ട്ര ബാലാവകാശ നിയമങ്ങൾ പാലിക്കാൻ ഇറാൻ ബാധ്യസ്ഥരാണ്”- യുണിസെഫ് പറഞ്ഞു.