ഉക്രൈനിലെ മുൻകാല-വർത്തമാനകാല ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കുട്ടികളാണെന്ന് വെളിപ്പെടുത്തി ബിഷപ്പുമാർ. സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തെ കൃത്രിമക്ഷാമത്തിൽ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ഉക്രേനിയക്കാരെ അനുസ്മരിക്കാൻ യുഎസ്, കാനഡ, ഉക്രൈനിലെ കീവ്, വത്തിക്കാൻ എന്നിവിടിങ്ങളിൽ ആയിരക്കണക്കിന് ആളുകൾ സമീപദിവസങ്ങളിൽ ഒത്തുകൂടിയിരുന്നു.
ഉക്രൈനെതിരെ, 2014 ൽ ആരംഭിച്ച് 2022 ൽ ത്വരിതഗതിയിലായ റഷ്യയുടെ ആക്രമണങ്ങൾ പന്ത്രണ്ടാം വർഷത്തിലേക്ക് അടുക്കുമ്പോഴാണ് ഈ അനുസ്മരണങ്ങൾ നടന്നിരിക്കുന്നത്. സ്റ്റാലിന്റെ കുറ്റകൃത്യങ്ങളും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കീഴിൽ റഷ്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു നിലവിലെ അതിക്രമങ്ങളും തമ്മിലുള്ള ഭയാനകമായ സമാനതകൾ ഉക്രേനിയൻ വിശ്വാസികൾ ഓർമ്മിച്ചു. കൂടാതെ, ഇതിനിടയിൽ കുട്ടികളാണ് ഏറ്റവും വലിയ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതെന്നും ബിഷപ്പുമാർ പറഞ്ഞു.
“കഴിഞ്ഞ വംശഹത്യയ്ക്ക് 90 വർഷങ്ങൾക്കു ശേഷം ഉക്രേനിയൻ രാഷ്ട്രത്തിന്മേൽ ഒരു പുതിയ വംശഹത്യ അരങ്ങേറുകയാണ്” – കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഉക്രേനിയൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് പോൾ പി. ചോംനിക്കി പറഞ്ഞു. ന്യൂയോർക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നവംബർ 22 ന് ഫിലാഡൽഫിയ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ബോറിസ് എ. ഗുഡ്സിയാക്കിനൊപ്പം ബിഷപ്പ് ചോംനിക്കിയും പങ്കെടുത്തിരുന്നു. എല്ലാ വർഷവും നവംബർ മാസത്തിലെ നാലാമത്തെ ശനിയാഴ്ച ആഘോഷിക്കുന്ന ഹോളോഡോമോർ അനുസ്മരണ ദിനത്തിലാണ് ഈ ഒത്തുചേരൽ നടന്നത്.
വിശപ്പ്, മരണം എന്നീ ഉക്രേനിയൻ പദങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഹോളോഡോമോർ, ഉക്രേനിയക്കാരായ ഏകദേശം നാലു ദശലക്ഷം പേരുടെ ജീവനാണ് അപഹരിച്ചത്. ഉക്രൈന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്വത്വത്തെ ഇല്ലാതാക്കാൻ ശ്രമിച്ച കൂട്ടായവൽക്കരണം, മോഷണം, ഭീകരത, ദുരുപയോഗം എന്നിവയുടെ ക്രൂരമായ സോവിയറ്റ് നയവുമായി ഇത് സംയോജിപ്പിച്ചു. അതേസമയം, ഹോളോഡോമറിനെ മുപ്പതിധികം രാജ്യങ്ങളും മുപ്പതിലധികം യുഎസ് സംസ്ഥാനങ്ങളും ഔദ്യോഗികമായി വംശഹത്യയായി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, റഷ്യൻ താൽപര്യങ്ങൾക്ക് വലിയ തോതിൽ അനുകൂലമായ ഒരു വിവാദ സമാധാനപദ്ധതി മുന്നോട്ടുവച്ചുകൊണ്ട്, നിലവിലെ ശത്രുത അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും മതപരമായ അടിച്ചമർത്തലിനും മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയരായിട്ടാണ് റഷ്യൻ അധിനിവേശത്തിൽ താമസിക്കുന്നത്.
ഉക്രൈനെതിരായ 11 വർഷത്തെ യുദ്ധത്തിലുടനീളം റഷ്യ കുറഞ്ഞത് 19,546 ഉക്രേനിയൻ കുട്ടികളെയെങ്കിലും ആസൂത്രിതമായി നാടുകടത്തുകയും അവരുടെ ഉക്രേനിയൻ ഐഡന്റിറ്റി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നാടുകടത്തപ്പെട്ട കുട്ടികളുടെ യഥാർഥ എണ്ണം വളരെ കൂടുതലായിരിക്കാം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനൊപ്പം നിർബന്ധിത കൈമാറ്റം നടത്തിയതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടിനു വിധേയയായ റഷ്യൻ ചൈൽഡ് കമ്മീഷണർ മരിയ എൽവോവ-ബെലോവ, ഏകദേശം ഏഴുലക്ഷം ഉക്രേനിയൻ കുട്ടികൾ റഷ്യൻ കസ്റ്റഡിയിലുണ്ടെന്ന് സമ്മതിച്ചു.
“ഇന്ന് ഞങ്ങൾ ഈ നിരപരാധികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരെ എപ്പോഴും പ്രാർഥനയിൽ ഓർക്കും. ഇപ്പോൾ തടവിൽ കഴിയുന്ന കുട്ടികളെയും ഓർക്കുക. ഉക്രൈനിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് വേഗത്തിൽ തിരികെ കൊണ്ടുവരട്ടെ” എന്നും ബിഷപ്പ് ചോംനിക്കി പ്രത്യാശ പ്രകടിപ്പിച്ചു.



