ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി യുണിസെഫ്. “പോഷകാഹാരക്കുറവുള്ള ഒരു കുട്ടി ചികിത്സ ലഭിക്കാതെ മരിക്കാനുള്ള സാധ്യത 12 മടങ്ങ് കൂടുതലാണെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു” – യുണിസെഫ് രാജ്യപ്രതിനിധി നോല സ്കിന്നർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ജോങ്‌ലെയ് സംസ്ഥാനത്ത് ആരോഗ്യ, പോഷകാഹാര സേവനങ്ങൾ നിർത്തിവച്ചതിനാൽ കഴിഞ്ഞ വർഷം രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ, അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നിരവധി ആളുകൾ പലായനം ചെയാനും കാരണമായി. അതിൽ കൂടുതലും സംസ്ഥാനത്തിന്റെ വടക്കൻ, മധ്യമേഖലകളിൽ നിന്നുള്ളവരാണെന്ന് സർക്കാർ ഏജൻസിയായ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കമ്മീഷനെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറഞ്ഞു.

ജോങ്‌ലെയിൽ ഡിസംബർ മുതൽ ദക്ഷിണ സുഡാൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സും (SSPDF) സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി-ഇൻ-ഒപ്പോസിഷനും (SPLA-IO) തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. അക്രമം ഉടനടി അവസാനിപ്പിക്കണമെന്നും, എല്ലാ വിഭാ​ഗത്തിലുള്ള ജനങ്ങൾക്കും മാനുഷികസഹായം വേഗത്തിലും തടസ്സമില്ലാത്തതും സുരക്ഷിതവുമായി എത്തിച്ചേരാൻ വേണ്ട കാര്യങ്ങൾ ഉറപ്പാക്കണമെന്നും സംഘടന അഭ്യർഥിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾക്ക് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണസാധ്യത 12 മടങ്ങ് കൂടുതലാകുമെന്നും യുണിസെഫ് റപ്രസന്റേറ്റീവ് നോല സ്കിന്നർ മുന്നറിയിപ്പ് നൽകുന്നു.