യുദ്ധക്കെടുതിയിൽ അവയവങ്ങൾ നഷ്ടപ്പെട്ട ഗാസയിലെ ആയിരം കുട്ടികൾക്ക് കൃത്രിമ അവയവങ്ങളും തുടർചികിത്സയും ലഭ്യമാക്കാൻ ഷാർജ. ഷാർജയിലെ ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ വളർച്ചയ്ക്ക് അനുസരിച്ച് കൃത്രിമ അവയവങ്ങളിൽ മാറ്റം വരുത്തുന്ന സമഗ്രമായ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് എപ്പോൾ തുടക്കമായത്.കഴിഞ്ഞ വർഷം സമാഹരിച്ച പത്തു ദശലക്ഷം ദിർഹം ഉപയോഗിച്ച് 555 കുട്ടികൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കിയിരുന്നു. ഇത്തവണ അംഗവൈകല്യം സംഭവിച്ച കുട്ടികളുടെ ശാരീരികവും മാനസികവുമായ വീണ്ടെടുപ്പിനാണ് മുൻഗണന. പലസ്തീനിലെ താവൂൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഭരണപരമായ ചെലവുകൾ ഈ തുകയിൽ നിന്ന് ഈടാക്കാതെ മുഴുവൻ തുകയും ഗുണഭോക്താക്കളായ കുട്ടികൾക്ക് തന്നെ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് (tbhf.ae) വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ഈ കാരുണ്യപ്രവൃത്തിയിൽ പങ്കാളികളാകാം എന്നും അധികൃതർ അറിയിച്ചു



