തിരുവനന്തപുരം: ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ പാസ്റ്റർമാർക്കും മതപരിവർത്തനം ചെയ്ത ക്രൈസ്തവർക്കും പ്രവേശന വിലർക്കേർപ്പെടുത്തി ബോർഡ് സ്ഥാപിച്ചതിനെതിരെ സീറോ മലബാർ സഭ. ഒരു കൂട്ടം ആളുകളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്നുവെന്നും മതേതര ഇന്ത്യയിൽ, ഹിന്ദുത്വ ശക്തികൾ മതപരമായ വിവേചനത്തിന് മറ്റൊരു പരീക്ഷണം വിജയകരമായി ആരംഭിച്ചുവെന്നും സഭ വിമർശിച്ചു.
ബോർഡുകൾ നീക്കം ചെയ്യേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സീറോ മലബാർ സഭ. ബോർഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു. ബോർഡുകൾ പ്രാദേശിക താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി ഗ്രാമസഭകൾ സ്ഥാപിച്ചതാണെന്ന് തോന്നുന്നു എന്നായിരുന്നു ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
‘ബോർഡുകൾ സ്ഥാപിച്ചതിലൂടെ, വർഗീയതയുടെ പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളെയും, കൊലയാളികളെയും, ദളിതരെയും ആദിവാസികളെയും പീഡിപ്പിക്കുന്നവരെയും, നിർബന്ധിച്ച് ‘ഘർ വാപസി’ നടത്തുന്നവരെയും നിരോധിക്കാത്ത ഒരു രാജ്യത്ത്, ഈ വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടണം’, സിറോ മലബാർ സഭ പ്രസ്താവനയിൽ പറഞ്ഞു.



