ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ്, അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷിത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. 4 പേർ അറസ്റ്റിലായിട്ടുണ്ട്
ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന കാർ ട്രക്കുകള്‍ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഭരത് സിംഗ് സംഭവസ്ഥലത്തും നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മണല്‍ ഖനനത്തെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. മണല്‍ കടത്തുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.



