ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകളും പൊലീസിലെ സ്‌പെഷ്യലൈസ്‌ഡ് യൂണിറ്റായ ജില്ലാ റിസർവ് ഗാർഡുകളും (ഡിആർജി) തമ്മില്‍നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാർക്ക് വീരമൃത്യു.
12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. ബീജാപൂർ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. ബീജാപൂർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലെ വനത്തില്‍ മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്‌ക്കെത്തിയ ഡിആർജി ജവാന്മാർ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് ബസ്‌തർ റേഞ്ച് ഇൻസ്‌പെക്‌ടർ ജനറല്‍ സുന്ദർരാജ് പട്ടിലിംഗം പറഞ്ഞു.
ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇൻസ്‌പെക്‌ടർ ജനറല്‍ അറിയിച്ചു. ഡിആർജിയുടെ ദന്തേവാഡ, ബീജാപൂർ യൂണിറ്റിലുള്ളജവാന്മാർ, സ്‌പെഷ്യല്‍ ടാസ്‌ക് ഫോർസ്, സിആർപിഎഫിന്റെ എലൈറ്റ് വിഭാഗമായ കോബ്ര (കമാന്റോ ബറ്റാലിയൻ ഫോർ റിസൊല്യൂട്ട് ആക്ഷൻ) എന്നീ സംഘങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും സിംഗിള്‍ ലോഡിംഗ് റൈഫിളുകള്‍ (എസ്‌എല്‍ആർ), ഇൻസാസ് റൈഫിളുകള്‍, .303 റൈഫിളുകള്‍ മറ്റ് ആയുധങ്ങള്‍ എന്നിവ ലഭിച്ചതായാണ് വിവരം.



