കഴിഞ്ഞ മാസം കൊല്ലപ്പെട്ട കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർലി കിർക്കിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ നൽകി ആദരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരനായ പോരാളിയെയും, അടുത്ത തലമുറയെ ഉത്തേജിപ്പിച്ച പ്രിയപ്പെട്ട നേതാവിനെയും ഓർക്കാൻ വേണ്ടിയാണ് നമ്മൾ ഇവിടെ ഒത്തുചേർന്നത്,” ട്രംപ് റോസ് ഗാർഡനിലെ ചടങ്ങിൽ പറഞ്ഞു.
ട്രംപിന്റെ സഖ്യകക്ഷികളും പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചാർലി കിർക്കിനെ ‘അമേരിക്കൻ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചയാൾ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഒക്ടോബർ 14 ഇനിമുതൽ ‘ചാർലി കിർക്കിന്റെ ദേശീയ അനുസ്മരണ ദിനമായി’ ആചരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 10-നാണ് ട്രംപിന്റെ രാഷ്ട്രീയ പ്രചാരണത്തിന് യുവ വോട്ടർമാരെ അണിനിരത്തിയ കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും രാഷ്ട്രീയപരമായ അക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തുകയും ചെയ്തു. കിർക്കിന്റെ മരണം ‘തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുടെ’ അക്രമണമാണ് എന്ന് ട്രംപ് ആരോപിക്കുകയും, ഇതിനെതിരെ ഫെഡറൽ ഏജൻസികളെ ഉപയോഗിച്ച് കർശനമായ നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, കിർക്കിന്റെ കൊലപാതകിയുമായി ഏതെങ്കിലും ഗ്രൂപ്പിന് ബന്ധമുണ്ടോ എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.



