ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും അടുത്ത വിശ്വസ്തനുമായ ചന്ദ്രനാഥ് രഥിന്റെ കൊലപാതകം അതീവ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് പോലീസ്. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിൽ നടന്ന ആക്രമണത്തിൽ പത്തോളം റൗണ്ട് വെടിയുണ്ടകളാണ് അക്രമികൾ ഉതിർത്തത്. കൃത്യമായ ആസൂത്രണത്തിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു കാറും ബൈക്കും ദീർഘദൂരം പിന്തുടർന്നിരുന്നു. മധ്യഗ്രാമിലെത്തിയപ്പോൾ കാർ ചന്ദ്രനാഥിന്റെ വാഹനത്തെ മറികടന്ന് തടയുകയും വേഗത കുറയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.



