കല്‍പ്പറ്റ: ചാലിയാറില്‍ തിരച്ചിലിനായി പോയി വനത്തില്‍ കുടുങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ വനത്തില്‍ തുടരുന്നു. ഇന്നലെ തിരച്ചിലിനായി പോയി എസ്ഡിപിഐയുടെ 14 സന്നദ്ധ പ്രവര്‍ത്തകരാണ് വനത്തില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴയില്‍ കുത്തൊഴുക്ക് ശക്തമായതോടെ മറുകരയിലേക്ക് എത്താനാവാതെ വനത്തില്‍ കുടുങ്ങുകയായിരുന്നു.
സൂചിപ്പാറഭാഗത്താണ് ഇവര്‍ ഉള്ളതെന്നാണ് വിവരം. ചൂരല്‍മഴയിലടക്കം കനത്ത മഴയായിരുന്നു ഇന്നലെ വൈകിട്ടോടെ പെയ്തത്. സംഘം പ്രദേശത്ത് സുരക്ഷിതരാണെന്ന ശബ്ദസന്ദേശമാണ് ഒടുവില്‍ എത്തിയത്. കുത്തൊഴുക്ക് ശക്തമായതിനാല്‍ മറുകരയിലേക്ക് എത്താന്‍ കഴിയില്ലെന്നും കാപ്പിത്തോട്ടത്തില്‍ സുരക്ഷിതമായി നില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു ശബ്ദ സന്ദേശം. ജനകീയ തിരച്ചിലിന്റെ ഭാഗമായാണ് ഇവര്‍ ഇന്നലെ തിരച്ചിലിന് ഇറങ്ങിയത്.
നിയാസ്, വഹാബ്, റഷീദ്, മുജീബ്, നിസാം, യൂനുസ്, ഷാഹുല്‍, സഫീര്‍, നൗഷാദ്, ഹാരിസ്, ഫിനോസ്, സുബൈര്‍, ഹാരിസ് പരുന്തന്‍, ഫൈസല്‍ എന്നിവരാണ് വനത്തിലുള്ളത്. ഇത് സംബന്ധിച്ച് പോത്തുകല്ല് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുഴയില്‍ വെള്ളം കുറഞ്ഞുവരുന്നുണ്ടെന്നും ഇതേസാഹചര്യം തുടരുകയാണെങ്കില്‍ കുറച്ചുസമയം കഴിയുന്നതോടെ മറുകരയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നുമാണ് ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് വിവരം. അതേസമയം ജലനിരപ്പ് ഉയരുന്നതിന് മുന്‍പ് തന്നെ തിരിച്ചുകയറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് അനുസരിച്ചില്ലെന്ന് പൊലീസ് പറയുന്നു.



