കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നില്‍ക്കണമെന്നും നിർദ്ദേശമുണ്ട്.
പുതിയ നിർദേശപ്രകാരം, വന്ദേമാതരത്തിൻ്റെ ആറ് ഖണ്ഡികകൾ ഉൾപ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കൻ്റും ദൈർഘ്യമുള്ള പതിപ്പാണ് ഇനി മുതൽ ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കേണ്ടത്.
ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകൾ ഉണ്ടായിരുന്നില്ല. ഇനിമുതൽ ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങൾക്ക് മുൻപും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു.



