സുഡാനിൽ വെടിനിർത്തലിനുള്ള അമേരിക്കയുടെയും അറബ് ശക്തികളുടെയും നിർദേശത്തിന് അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) സമ്മതിച്ചതായി സംഘം അറിയിച്ചു. രണ്ടര വർഷമായി തുടരുന്ന യുദ്ധത്തിൽ ആർ‌എസ്‌എഫും സുഡാൻ സൈന്യവും വിവിധ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും വിജയിച്ചിട്ടില്ല.

അതേസമയം, സുഡാനിലെ പോരാട്ടം അവസാനിപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ, സുഡാനിലെ സൈനികനേതൃത്വത്തിലുള്ള സർക്കാർ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ക്ഷാമബാധിതമായ അൽ-ഫാഷിർ നഗരം ആർ‌എസ്‌എഫ് ഏറ്റെടുത്ത്, വിശാലമായ പടിഞ്ഞാറൻ മേഖലയായ ഡാർഫറിന്റെ നിയന്ത്രണം ഉറപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് പ്രഖ്യാപനം.

“കരാർ നടപ്പിലാക്കുന്നതിനും സുഡാനിലെ രാഷ്ട്രീയപ്രക്രിയയെ നയിക്കുന്ന അടിസ്ഥാനതത്വങ്ങളെയും ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുന്നതിനും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ആഗ്രഹിക്കുന്നു”- ആർ‌എസ്‌എഫ് പ്രസ്താവനയിൽ പറഞ്ഞു.

ആർ‌എസ്‌എഫിന്റെ സൈന്യം കൂട്ടക്കൊല നടത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം നേരിടുകയാണ്. എന്നാൽ അവർ അത് നിഷേധിക്കുകയും വ്യക്തികളാണ് നിയമലംഘനങ്ങൾ ചെയ്തതെന്നും ചിലരെ അറസ്റ്റ് ചെയ്തതായും അവർ പറയുന്നു.