പാലക്കാട്: പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുതുശ്ശേരിയില്‍ കരോൾ നടത്തിയ കുട്ടികളെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചിരുന്നു. പിന്നാലെ ബിജെപി നേതാക്കൾ കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു. സംഘർഷമുണ്ടാക്കാൻ കരോൾ സംഘം മദ്യപിച്ചാണ് എത്തിയതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ ഇന്നലെ പറഞ്ഞു. മാന്യമായല്ലാതെ കരോൾ നടത്തിയാൽ അടി കിട്ടുമെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. എന്നാല്‍ കരോൾനെതിരായ ആക്രമണം അപലപനീയമെന്ന് പാലക്കാട്‌ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചത്. കുട്ടികൾ ഉപയോഗിച്ചിരുന്ന ബാന്‍റ് വാദ്യങ്ങൾ ചവിട്ടി പൊട്ടിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ്‌ ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ കുട്ടികളുടെ കരോൾ സംഘത്തെ അധിക്ഷേപിക്കുകയാണ് ബിജെപി. കരോൾ സംഘം മദ്യപിച്ച് മനപ്പൂർവം പ്രകോപനം ഉണ്ടാക്കിയെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൃഷ്ണകുമാറിന്‍റെ പ്രതികരണം. ബിജെപി പ്രവർത്തകന്‍റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പ്രതിഷേധ കരോൾ സംഘടിപ്പിച്ചിരുന്നു.