കോഴിക്കോട്: കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പല്‍ കത്തിയമരുന്നത് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ആകാശത്തുനിന്ന് രാസവസ്തുക്കള്‍ ഇട്ട് തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് വെസലുകള്‍ സ്ഥലത്തുണ്ട്. കപ്പല്‍ കൂടുതല്‍ ശക്തിയായി കത്തിയമരുന്നതിനാല്‍ കോസ്റ്റ്ഗാര്‍ഡിന് സമീപത്തേയ്ക്ക് അടുക്കാന്‍ കഴിയുന്നില്ല. സ്‌ഫോടനത്തിനും കൂടുതല്‍ കണ്ടെയ്‌നറുകള്‍ വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തെ കൈകാര്യം ചെയ്യുന്നത്.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനെട്ട് ജീവനക്കാരെ മംഗളൂരുവില്‍ എത്തിക്കും. ജീവനക്കാരുമായി നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്ത് മംഗളൂരുവിലേക്ക് തിരിച്ചു. രാത്രി പത്തുമണിയോടെ ജീവനക്കാരുമായുള്ള കപ്പല്‍ മംഗലാപുരം തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളൂരുവില്‍ എത്തിയ ശേഷം ജീവനക്കാര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കും. അതിന് ശേഷമായിരിക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക. തുടര്‍ന്ന് ജീവനക്കാരെ കപ്പല്‍ കമ്പനിയുടെ പ്രതിനിധികള്‍ക്ക് തന്നെയാകും കൈമാറുക.