തമിഴ് സിനിമ താരം ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള കാർ ഉണ്ടാക്കിയത് വൻ അപകടം. അപകടത്തിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും കാർ ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച എക്കാട്ടുതാങ്കലിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് കാർ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് നടൻ കാറിൽ ഉണ്ടായിരുന്നില്ല എന്ന് പോലീസ് കൂട്ടിച്ചേർത്തു. ചെന്നൈ ട്രാഫിക് പോലീസ് പറയുന്നതനുസരിച്ച് അറസ്റ്റിലായ ഡ്രൈവർ പുഷ്പരാജ് മദ്യപിച്ചാണ് വാഹനമോടിച്ചത്. കത്തിപ്പാറ ഫ്ലൈഓവറിൽ നിന്ന് ആലന്തൂർ മെട്രോ സ്റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ, അമിത വേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മൂന്ന് മോട്ടോർ സൈക്കിളുകളിലും രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.
മോട്ടോർ സൈക്കിളിൽ ഉണ്ടായിരുന്നവർക്കാണ് പരിക്ക് പറ്റിയത്. ആദ്യ കാർ ഒരു മോട്ടർ സൈക്കിളിലേക്കാണ് ഇടിച്ചുകയറിയത് പെരുമ്പാക്കം സ്വദേശി മുത്തുസ്വാമി (42) എന്നയാൾക്ക് പരിക്കേറ്റു. തുടർന്ന് കാർ മറ്റ് രണ്ട് മോട്ടോർ സൈക്കിളുകളിലും ഒരു ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു. നൂക്കംപാളയത്ത് നിന്നുള്ള ശരവണൻ (32), കലൈഞ്ജർ കരുണാനിധി നഗർ (വെസ്റ്റ്) സ്വദേശി സുന്ദർരാജ് (59), ക്രോംപേട്ടിലെ പുരുഷോത്തമൻ നഗറിൽ നിന്നുള്ള ആരാധന (30) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.



