ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഔദ്യോഗിക സന്ദർശനത്തിനായി മുംബൈയിലുള്ള അദ്ദേഹം അവിടെനിന്നാണ് പ്രസ്താവന പുറത്തിറക്കിയത്. അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്ന ഇറാന്റെ നടപടികളെ തടയാൻ അമേരിക്കൻ നീക്കം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനെ ആണവായുധം കൈക്കലാക്കുന്നതിൽ നിന്ന് തടയുന്നതിനാണ് അമേരിക്ക ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനെ കാനഡ പിന്തുണയ്ക്കുന്നു.നയതന്ത്ര ശ്രമങ്ങൾ നടന്നിട്ടും ആണവ പദ്ധതികൾ ഉപേക്ഷിക്കാനോ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നത് നിർത്താനോ ഇറാൻ തയ്യാറായില്ലെന്ന് മാർക്ക് കാർണി കുറ്റപ്പെടുത്തി.
ഓസ്‌ട്രേലിയ അമേരിക്കൻ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, ഇറാൻ സ്വന്തം ജനതയോടും അയൽരാജ്യങ്ങളോടും കാണിക്കുന്ന ക്രൂരതയ്ക്കുള്ള മറുപടിയാണ് ഇതെന്നായിരുന്നു ഉക്രെയ്നിന്റെ പ്രതികരണം.ബ്രിട്ടൻ ഈ നീക്കം വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുമെന്ന് ഭയപ്പെടുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിഷയത്തിൽ അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.ഇറാനും യുഎസിനും ഇടയിൽ ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്ന ഒമാൻ, യുദ്ധം തുടങ്ങിയതിൽ കടുത്ത നിരാശ രേഖപ്പെടുത്തി.
ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരെയാണ് ലക്ഷ്യം വെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്‌കൂളിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ 51 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.
തങ്ങൾക്കെതിരായ ആക്രമണത്തിന് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് മിസൈലുകൾ തൊടുത്തു. ഇറാഖിലെ സൈനിക താവളങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലെബനൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.



