പൊതു ഇടം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മൾ ഏറെ പിന്നിലാണെന്നതിന് തെളിവാണ് നമ്മുടെ നഗരങ്ങളും തെരുവുകളും നദികളും മറ്റ് ചുറ്റുപാടുകളുമെല്ലാം. എന്നാല്‍ മറ്റ് പല രാജ്യങ്ങളും പെതുവിട ശുചിത്വത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇന്ത്യക്കാരുടെ വൃത്തിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് തന്നെ വഴി തെളിച്ചു.
കാനഡയിലെ കാടുപിടിച്ച ഒരു റോഡരികിൽ നിര്‍ത്തിയിട്ട കാറിന് സമീപത്ത് നിന്നും ദമ്പതികളെന്ന് തോന്നിച്ച ഒരു സ്ത്രീയും പുരുഷനും കാട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ കൈയിലെ പ്ലാസ്റ്റിക് ബാഗ് അത് പോലെ വലിച്ചെറിയുന്നതിന് പകരം. അതിലെ ഒരോ സാധാനങ്ങളായി എടുത്ത് ചുറ്റുപാടും വിതറിയിടുകയായിരുന്നു ഇരുവരും ചെയ്തത്. ഒപ്പം അവര്‍ മാലിന്യം കൊണ്ട് വന്ന പ്ലാസ്റ്റ് കവർ തിരികെ കൊണ്ടു പോകുന്നതിനായി മടക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
ഇരുവരുടെയും വസ്ത്രധാരണം ഇന്ത്യക്കാരുടേതിന് സമാനമായിരുന്നു. യുവതി ചൂരിദാര്‍ ധരിച്ചപ്പോൾ യുവാവിന് പാന്‍റും ഷര്‍ട്ടുമായിരുന്നു വേഷം. ‘അവർ അവരുടെ രാജ്യത്തെ ഒരു ടോയ്‌ലറ്റാക്കി മാറ്റി. ഇപ്പോൾ മനോഹരമായ വൃത്തിയുള്ള കാനഡയിലും അവർ അത് തന്നെ ചെയ്യുന്നു. വെറുതെ സിനിമ ചെയ്യരുത്. അത് വിളിച്ച് പറയുക.’ വീഡിയോ പങ്കുവച്ചു കൊണ്ട് ഡെബ്ബി ബ്ലഡ്ക്ലോട്ട് എഴുതി. ഒരു ദിവസം തികയും മുമ്പ് വീഡിയോ 13 ലക്ഷം പേരാണ് കണ്ടത്. നൂറുകണക്കിനാളുകൾ വീഡിയോ ലൈക്ക് ചെയ്തു.
രൂക്ഷമായ വിമർശനം ഉന്നയിച്ചവരെല്ലാം ഇന്ത്യക്കാര്‍ കാനഡ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യക്കാരില്‍ ചിലര്‍ കുറ്റം മറ്റ് ചിലരുടെ മേലെയിടാന്‍ പാഴ് ശ്രമം നടത്തുന്നതും കാണാം. ചില ഇന്ത്യന്‍ ഉപഭോക്താക്കൾ ഇന്ത്യക്കാരും ഇത് പോലെ ചെയ്യാറുണ്ടെന്ന് എഴുതി. ചിലര്‍ രൂക്ഷമായ വംശീയാധിക്ഷേപം നടത്തി. ‘ഞാൻ ഇന്ത്യയിൽ നിന്നാണ്, ഈ പെരുമാറ്റത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. അക്ഷരാർത്ഥത്തിൽ എന്‍റെ രക്തം തിളയ്ക്കുന്നു. ഒരു ഒഴികഴിവുമില്ല. നിങ്ങൾ എവിടെ പോകുന്നു, എത്ര പണം സമ്പാദിക്കുന്നു എന്നത് പ്രശ്നമല്ല. നിങ്ങൾ വെറും മാലിന്യമാണ്. ഇതുപോലുള്ള ആളുകൾ കാരണം ഇന്ത്യ തന്നെ വലയുകയാണ്.’ ഒരു കാഴ്ചക്കാരനെഴുതി. കാനഡയിൽ ജനിച്ച ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അതിനോട് യോജിക്കുന്നു. മാലിന്യം, മലം, മലിനീകരണം എന്നിവ കാരണം ഇന്ത്യ ഒരു മാലിന്യക്കൂമ്പാരമാണ്, ഇപ്പോൾ ആളുകൾ അവരുടെ മോശം ശീലങ്ങൾ കാനഡയിലേക്കും കൊണ്ടുവരുന്നു. അത് അസ്വീകാര്യമാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍എഴുതിയത്.