കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയിൽ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ് ബസിനെ പിന്നോട്ടെടുപ്പിച്ചത്.

നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതു വരെ ബസ് പിന്നോട്ട് നീക്കിച്ചു. ദേശീയപാതയിൽ ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങൾ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്.

ഒരാഴ്ചയോളമായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. പെരിന്തൽമണ്ണയിൽനിന്ന് അങ്ങാടിപ്പുറം എത്തണമെങ്കിൽപ്പോലും മണിക്കൂറുകളെടുക്കും. പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽനിന്ന് അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം വരെ റോഡിന് നടുവിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയിലെ വിടവുകളിലൂടെ വാഹനങ്ങൾ ദിശതെറ്റിക്കയറി വരുന്നത് പതിവാണ്.