ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുകയാണ് രാജ്യം. കഴിഞ്ഞ വർഷത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ശേഷം, ഇത്തവണയും ശമ്പളക്കാരായ ജീവനക്കാർക്കും ഇടത്തരക്കാർക്കും വലിയ പ്രതീക്ഷകളാണുള്ളത്. പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരാനിരിക്കെ, നികുതിദായകർക്ക് കൂടുതൽ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് രാജ്യം.
ശമ്പളക്കാരായ ജീവനക്കാരുടെ ഏറ്റവും വലിയ പ്രതീക്ഷ സ്റ്റാൻഡേർഡ് ഡിഡക്ഷനിലെ വർദ്ധനവാണ്. നിലവിൽ പുതിയ നികുതി വ്യവസ്ഥയിൽ ലഭിക്കുന്ന 75,000 രൂപ എന്ന പരിധി ഒരു ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിലക്കയറ്റവും ജീവിതച്ചെലവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ വർദ്ധനവ് സാധാരണക്കാരുടെ കൈവശം കൂടുതൽ പണം എത്തിക്കാൻ സഹായിക്കും. കൂടാതെ, പഴയ നികുതി വ്യവസ്ഥയിലും സമാനമായ വർദ്ധനവ് ജീവനക്കാർ ആഗ്രഹിക്കുന്നുണ്ട്.
നിലവിലെ നിയമമനുസരിച്ച് മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്ക് ശമ്പളത്തിന്റെ 50 ശതമാനവും അല്ലാത്തവർക്ക് 40 ശതമാനവും വീട്ടുവാടക ആനുകൂല്യം ലഭിക്കുന്നു. എന്നാൽ കൊച്ചി, ബാംഗ്ലൂർ തുടങ്ങിയ വളർന്നുവരുന്ന നഗരങ്ങളിലെ വാടക നിരക്കുകൾ ഇന്ന് മുംബൈയോ ഡൽഹിയോ പോലെ തന്നെ വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ ഈ നഗര വ്യത്യാസം ഒഴിവാക്കി എല്ലാ നഗരങ്ങൾക്കും 50 ശതമാനം എച്ച് ആർ എ ഇളവ് നൽകണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.
നിലവിൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് സെക്ഷൻ 80ഡി പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇളവുകൾ ലഭിക്കുന്നില്ല. കോവിഡിന് ശേഷം ആരോഗ്യ സംരക്ഷണ ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിൽ, പുതിയ ടാക്സ് സിസ്റ്റത്തിലും മെഡിക്കൽ ഇൻഷുറൻസിന് നികുതി ഇളവ് നൽകുന്നത് ആളുകളെ ഇൻഷുറൻസ് എടുക്കാൻ പ്രോത്സാഹിപ്പിക്കും. ഐ.സി.എ.ഐ പോലുള്ള സംഘടനകൾ ഈ നിർദ്ദേശം ശക്തമായി മുന്നോട്ടുവെച്ചിട്ടുണ്ട്.
വീട് വാങ്ങുന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നമാണ്. എന്നാൽ വീട് പണിയാനുള്ള സാധനങ്ങളുടെ വിലയും ബാങ്ക് പലിശയും ഉയരുന്നത് ഈ സ്വപ്നത്തിന് തിരിച്ചടിയാകുന്നു. നിലവിൽ ഭവന വായ്പയുടെ പലിശയിന്മേൽ ലഭിക്കുന്ന രണ്ട് ലക്ഷം രൂപയുടെ ഇളവ് അഞ്ച് ലക്ഷം രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ പുതിയ നികുതി വ്യവസ്ഥയിൽ കൂടി ഈ ആനുകൂല്യം ഉൾപ്പെടുത്തിയാൽ അത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ ഉണർവ് നൽകും.
അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ദമ്പതികൾക്ക് ഒരുമിച്ച് നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള ‘ജോയിന്റ് ടാക്സേഷൻ’ സംവിധാനം ഇന്ത്യയിലും പരീക്ഷിക്കാവുന്നതാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. കുടുംബത്തെ ഒരൊറ്റ സാമ്പത്തിക യൂണിറ്റായി കണ്ട് നികുതി കണക്കാക്കുന്നത്, ഒരു പങ്കാളിക്ക് മാത്രം വരുമാനമുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. ഇത് നികുതി ഘടനയിൽ വലിയൊരു വിപ്ലവത്തിന് വഴിവെക്കും.
സ്വർണ്ണം, വെള്ളി തുടങ്ങിയ ആസ്തികളുടെ ഹോൾഡിംഗ് പീരിയഡ് കുറയ്ക്കുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. സ്വർണ്ണാഭരണങ്ങൾക്കും ഗോൾഡ് ഇ.ടി.എഫിനും ഒരേ നികുതി നിയമം കൊണ്ടുവരണമെന്നാണ് നിർദ്ദേശം. കൂടാതെ, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും സെക്ഷൻ 87എ പ്രകാരമുള്ള 12 ലക്ഷം രൂപ വരെയുള്ള ടാക്സ് റീബേറ്റ് ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. എൻ.പി.എസ് വിഹിതത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ഇരട്ട നികുതി ഒഴിവാക്കണമെന്നും നികുതിദായകർ ആഗ്രഹിക്കുന്നു.



