കൊൽക്കത്ത: അഭയം തേടി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1000ത്തോളം ബംഗ്ലാദേശികളെ തടഞ്ഞ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിലാണ് സംഭവം. പുഴ കടന്ന് അതിർത്തി ലക്ഷ്യമാക്കി എത്തിയ ബംഗ്ലാദേശികളെ ഏറെ പണിപ്പെട്ടാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞത്. നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ ഏറെയും ഹിന്ദു വിഭാഗത്തിൽപെട്ടവരാണെന്ന് ബിഎസ്എഫ് അറിയിച്ചു.

ബംഗ്ലാദേശിലെ സംഘർഷങ്ങൾക്കിടെ ഇത്രത്തോളം ആളുകൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്താൻ ശ്രമിച്ചത് ഇതാദ്യമാണെന്ന് ബിഎസ്എഫ് അറിയിച്ചു. ബംഗ്ലാദേശിലെ റാങ്പുർ ജില്ലയിലുള്ള ഡോയ് ഖാവ, ജെണ്ടുഗുരി ഗ്രാമവാസികളാണ് കാൽനടയായി പുഴ മറികടന്ന് അതിർത്തിവേലി ലക്ഷ്യമാക്കി എത്തിയത്.

ബിഎസ്എഫിനെ കണ്ട് പുഴയിൽ തുടർന്ന ഇവരിൽ ചിലർ “ജയ് ശ്രീറാം” മുദ്രാവാക്യം മുഴക്കി. അതിർത്തിവേലിക്ക് 400 മീറ്ററിന് സമീപമെത്തിയ സംഘത്തെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇവർ തയ്യാറാകാതെ പുഴയിൽ തുടർന്നു. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും പീഡനം നേരിടുന്നതായും ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ബിഎസ്എഫ്, ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ബിജിബി സംഘം ബംഗ്ലാദേശികളെ തിരികെ കൊണ്ടുപോയി.

ബംഗ്ലാദേശിലെ സംഭവവികാസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ബംഗ്ലാദേശികളുടെ ശ്രമം ബിഎസ്എഫ് തടയുന്നത്. ഇക്കഴിഞ്ഞ ഏഴാം തീയതി അഭയാർഥികളായി ബംഗാളിലെ ജൽപൈഗുരി ജില്ലയിലേക്ക് കടക്കാൻ ശ്രമിച്ച 500 ഓളം പുരുഷന്മാരെ ബിഎസ്എഫ് തടഞ്ഞിരുന്നു. ഈ സംഭവത്തിലും ബിഎസ്എഫ്, ബിജിബി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.