ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന ബ്രിട്ടൻ അംഗീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ വിട്ടുനൽകാൻ അനുമതി നൽകിയതെന്ന് എക്സിലെ (X) വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. വരാനിരിക്കുന്ന ആക്രമണങ്ങളിൽ ബ്രിട്ടൻ നേരിട്ട് പങ്കുചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും പതിച്ചതായും ഇത് പൗരന്മാരെ വലിയ അപകടത്തിലാക്കിയതായും കിയ സ്റ്റാമർ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുൻപ് അവയുടെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക എന്നതാണ് ഭീഷണി പൂർണ്ണമായും ഒഴിവാക്കാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി സുഹൃദ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും കൂട്ടായ പ്രതിരോധത്തിനായാണ് ഈ തീരുമാനമെടുത്തതെന്നും കിയ സ്റ്റാമർ വ്യക്തമാക്കി.



