പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനായി കൂടുതൽ സൈനികരെയും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെയും നിയോഗിക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോൺ ഹീലിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് കൂടുതൽ മിസൈൽ പ്രതിരോധ സംഘങ്ങളെ അയക്കുമെന്നും ഖത്തറിലെ ടൈഫൂൺ വിമാനങ്ങളുടെ വിന്യാസം നീട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സഖ്യകക്ഷികളുടെ ആകാശം കാക്കുന്നതിനുമായി ഏകദേശം 1,000 ബ്രിട്ടീഷ് സൈനികർ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജോൺ ഹീലി പറഞ്ഞു. എന്നാൽ, ബ്രിട്ടൻ നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവർത്തിച്ചു വ്യക്തമാക്കി. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല, ഇതിലേക്ക് വലിച്ചിഴക്കപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്നാണ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്റ്റാർമർ മറുപടി നൽകിയത്. ഇറാൻ മണ്ണിൽ ബ്രിട്ടീഷ് സൈനികരെ ഇറക്കില്ലെന്നും പ്രതിരോധ നടപടികളിൽ മാത്രമേ പങ്കാളികളാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ ആകാശം സംരക്ഷിക്കുന്നതിനായി അത്യാധുനിക സ്കൈ സേബർ (Sky Sabre) മിസൈൽ പ്രതിരോധ സംവിധാനം ഈ ആഴ്ച തന്നെ അവിടെ വിന്യസിക്കും. റഡാറുകളും കൺട്രോൾ നോഡുകളും മിസൈൽ ലോഞ്ചറുകളും അടങ്ങുന്ന ഈ സംവിധാനം ശത്രുരാജ്യങ്ങളുടെ മിസൈലുകളെയും വിമാനങ്ങളെയും ആകാശത്തുവെച്ച് തകർക്കാൻ ശേഷിയുള്ളതാണ്. ബഹ്റൈനിൽ ഇതിനകം തന്നെ ലൈറ്റ്വെയ്റ്റ് മൾട്ടിറോൾ മിസൈൽ (LMM) ലോഞ്ചറുകൾ എത്തിച്ചിട്ടുണ്ട്. കുവൈത്തിൽ റാപ്പിഡ് സെൻട്രി (Rapid Sentry) എന്ന ഗ്രൗണ്ട് ബേസ്ഡ് വ്യോമ പ്രതിരോധ സംവിധാനമാണ് വിന്യസിക്കുന്നത്. ഖത്തറിലെ ദുഖാൻ എയർ ബേസിൽ ബ്രിട്ടീഷ് വ്യോമസേനയുടെ ടൈഫൂൺ വിമാനങ്ങൾ നിരീക്ഷണം തുടരും.
ബ്രിട്ടന്റെ ഈ പ്രതിരോധ നിലപാടിനെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇറാന്റെ ഭരണനേതൃത്വത്തെ തകർക്കാനുള്ള സൈനിക നീക്കങ്ങളിൽ നിന്ന് ബ്രിട്ടൻ വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് ട്രംപ് ആഞ്ഞടിച്ചു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനം ലഭിക്കാത്ത ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ ഭീരുത്വം വെടിഞ്ഞ് നേരിട്ട് യുദ്ധം ചെയ്ത് എണ്ണ പിടിച്ചെടുക്കണമെന്നാണ് ട്രംപ് പരിഹസിച്ചത്. ‘സ്വന്തം എണ്ണ പോയി എടുത്തോളൂ, അമേരിക്ക ഇനി നിങ്ങളെ സഹായിക്കില്ല’ എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടൻ പോരാടാൻ പഠിക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഉപദേശിച്ചു.
ഫെബ്രുവരിയിൽ നടന്ന യുഎസ് – ഇസ്റാഈൽ സംയുക്ത ആക്രമണങ്ങൾക്ക് ബ്രിട്ടൻ തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. പിന്നീട് പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രം അമേരിക്കൻ വിമാനങ്ങൾക്ക് താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ അനുവാദം നൽകുകയായിരുന്നു. സഖ്യകക്ഷികൾക്കിടയിലുള്ള ഈ അഭിപ്രായ ഭിന്നത പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.



