ലണ്ടൻ: ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ അറബിക്കടലിൽ ബ്രിട്ടൻ ആണവ അന്തർവാഹിനി വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച എച്ച്എംഎസ് ആൻസൺ വടക്കൻ അറേബ്യൻ കടലിൽ എത്തിയതയാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ആക്രമിക്കുന്ന ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ബ്രിട്ടനിലെ താവളങ്ങൾ ഉപയോഗിക്കാൻ വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ യുഎസ് സൈന്യത്തിന് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഈ നീക്കം. 

ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റിലുടനീളം ബ്രിട്ടീഷ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് ശേഷം നിലപാട് മാറ്റി. യുഎസിന് ആർഎഎഫ് ഫെയർഫോർഡും ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ്-യുകെ സംയുക്ത താവളമായ ഡീഗോ ഗാർസിയയും ഉപയോഗിക്കാൻ കഴിയുമെന്ന് അറിയിച്ചു. റിപ്പോർട്ട് പ്രകാരം മാർച്ച് 6 ന് എച്ച്എംഎസ് ആൻസൺ ഓസ്‌ട്രേലിയയിലെ പെർത്തിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. ലണ്ടനിലെ പെർമനന്റ് ജോയിന്റ് ഹെഡ്ക്വാർട്ടേഴ്‌സുമായി (പിജെഎച്ച്ക്യു) ആശയവിനിമയം നടത്താൻ വേണ്ടി ഓരോ 24 മണിക്കൂറിലും അന്തർവാഹിനി ഉപരിതലത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

ശനിയാഴ്ച ഇറാൻ 2,500 മൈൽ (4,000 കിലോമീറ്റർ) അകലെയുള്ള ഡീഗോ ഗാർസിയ ലക്ഷ്യമിട്ടിരുന്നു. ഇറാൻ വിക്ഷേപിച്ച രണ്ട് മിസൈലുകളും ദ്വീപിൽ പതിച്ചില്ലെങ്കിലും, ഇറാന്റെ കൈവശം മുമ്പ് അംഗീകരിച്ചതിലും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലുകൾ ഉണ്ടെന്ന സൂചനയാണ് നൽകിയത്. ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുഎസിന് സർക്കാർ പ്രത്യേക അനുമതി നൽകുന്നതിന് മുമ്പാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പറഞ്ഞു.