അമേരിക്കന്‍ -ഇസ്രയേല്‍ ആക്രമണത്തില്‍ വടക്കന്‍ ഇറാനിലെ പാലം ഭാഗികമായി തകര്‍ന്നു. മധേഷ്യയിലെ ഏറ്റവും വലിയ പാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാജിലെ B1 പാലമാണ് തകര്‍ന്നത്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഇറാനിയന്‍ എഞ്ചിനീയറിംഗിന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുകയായിരുന്നു.
ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്തെന്നും ഇറാന് കൂടുതല്‍ നഷ്ടങ്ങള്‍ വരാനിരിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തിന് നേരെ രണ്ട് ആക്രമണങ്ങള്‍ നടന്നതായി ഇറാന്‍ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യത്തെ ആക്രമണത്തില്‍ പരുക്കേറ്റവരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും എത്തിയവര്‍ക്കാണ് രണ്ടാമത്തെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇപ്പോഴെങ്കിലും ഇറാന്‍ ഡീലിന് സമ്മതിക്കണമെന്നും ഇല്ലെങ്കില്‍ ഒരുപാട് വൈകിപ്പോകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍ ഹതാമിയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വിജയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ തിരികെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ സൈനിക നടപടി എന്ന് അവസാനിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്.



