ബ്രസീലിയ: താരിഫ് വിഷയത്തിൽ ചർച്ച നടത്താൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ലുല വ്യക്തമാക്കി.

2022ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടക്കുന്നത് ‘വേട്ട’യാണെന്ന് ആരോപിച്ച ട്രംപ്, ഇതിന് പ്രതികാരമെന്നോണമാണ് അമേരിക്ക ബ്രസീലിന് മേൽ 50 ശതമാനം താരിഫ് ചുമത്തിയത്. ഇതോടെ വാഷിംഗ്ടണും ബ്രസീലും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

താരിഫ് ഏർപ്പെടുത്തിയ ദിവസത്തെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ചരിത്രത്തിലെ ഏറ്റവും ഖേദകരമായ സമയമെന്നാണ് ലുല വിശേഷിപ്പിച്ചത്. അമേരിക്കൻ ഭരണമാറ്റത്തിന് മുൻപുതന്നെ മറ്റ് രാജ്യങ്ങളുമായുള്ള വിദേശ വ്യാപാരം ശക്തിപ്പെടുത്താനും ആഭ്യന്തര കമ്പനികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും തന്‍റെ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നതായി ബ്രസീലിയയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ലുല പറഞ്ഞു.