പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്ത്. ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വോട്ട് കൊള്ളക്കായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ, ആരാണ് ആ മോഡലെന്ന വിവരം പുറത്തുവന്നിരുന്നില്ല. ബ്രസീലിയൻ മോഡൽ ലാരിസ്സയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി ഇപ്പോള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. ഹരിയാനയിൽ സ്വീറ്റിയെന്നടക്കമുള്ള പല പേരുകളിലായി പത്തു ബൂത്തുകളിലായി 22 വോട്ട് ചെയ്തതെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉയര്‍ത്തിയിരുന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രമാണുണ്ടായിരുന്നത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ ലാരിസ്സ പറയുന്നത്. തന്‍റെ പഴയ ഫോട്ടോയാണതെന്നും തന്നെ തട്ടിപ്പിനായി ഉപയോഗിച്ചെന്നും ലാരിസ്സ പറയുന്നു. ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയിൽ ലാരിസ്സ ചോദിക്കുന്നുണ്ട്. ഏറെ പേർ തന്‍റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ടെന്നും ലാരിസ്സ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ്സ.
ആ ബ്രസീലിയൻ മോഡൽ ലാരിസ്സ! ‘വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്’; വോട്ട് ചോരിയിൽ പ്രതികരണവുമായി മോഡൽ



