ബ്രസീലിയ: ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചർച്ചകൾ നിർത്തിവെച്ച് ബ്രസീൽ. നയതന്ത്രബന്ധം ശക്തിപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ സന്ദർശിക്കുന്ന സമയത്താണ് ആയുധ ഇടപാടിൽ അവർക്ക് മനംമാറ്റം.
ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന് പകരം ഇറ്റലിയുടെ എമാഡ് ( എൻഹാൻസ്ഡ് മോഡുലാർ എയർ ഡിഫൻസ് സൊലുല്യൂഷൻ ) എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനേക്കുറിച്ചാണ് ബ്രസീൽ ഇപ്പോൾ ആലോചിക്കുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ്. സർഫസ് ടു എയർ മിസൈലുകൾ ഉപയോഗിച്ച് അതിർത്തി ലംഘിച്ചെത്തുന്ന യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കുയാണ് ആകാശ് ചെയ്യുന്നത്.
ഓപ്പറേഷൻ സിന്ധൂരിൽ പ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലൈ ബ്രസീലും ആകാശിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബ്രസീലിന്റെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നത് ഇറ്റലിയുടെ എമാഡ് ആണെന്നാണ് സൈന്യം വിലയിരുത്തുന്നത്. ഭാരക്കുറവ്, കൂടുതൽ കോംപാക്ട് ഡിസൈൻ, കൂടുതൽ മിസൈലുകൾ വഹിക്കാനുള്ള ശേഷി, പെട്ടെന്ന് വിന്യസിക്കാനും മറ്റൊരിടത്തേക്ക് മാറ്റാനുമാകാവുന്ന തരത്തിലുള്ള രൂപകൽപന, നഗരങ്ങളിലും വനമേഖലകളിലും ഒരേപോലെ ഉപയോഗിക്കാനാകും തുടങ്ങിയവയാണ് എമാഡ് സംവിധാനത്തിന്റെ പ്രത്യേകത.
ഇന്ത്യയിൽനിന്ന് ആകാശ് മിസൈൽ സംവിധാനം വാങ്ങുന്നതിൽ സംശയമുണ്ടെങ്കിലും കൂടുതൽ പ്രതിരോധ കയറ്റുമതിക്ക് ധാരണയായിട്ടുണ്ട്. ഇന്ത്യയിൽനിന്ന് തീര നിരീക്ഷണ സംവിധാനങ്ങൾ, അൾട്രാ ലൈറ്റ് വെയ്റ്റ് ആർട്ടിലറി ഗൺ സംവിധാനമായ ഗരുഡ എന്നിവയാകും ബ്രസീൽ പ്രധാനമായും വാങ്ങുക. 4X 4 വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന 105 എംഎം ചെറു പീരങ്കിയാണ് ഗരുഡ. ഭാരക്കുറവും പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റാനാകുമെന്നതുമാണ് ഗരുഡയുടെ പ്രത്യേകത. 360 ഡിഗ്രിയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോയി ആക്രമണം നടത്താനാകും. മാത്രമല്ല മറ്റ് ആർട്ടിലറി വാഹനങ്ങളിലും ഗരുഡയെ ഘടിപ്പിക്കാനാകും. 20 കിലോമീറ്ററോളം ദൂരത്തേക്ക് ആർട്ടിലറി ഷെല്ലുകൾ പായിക്കാൻ ഗരുഡയ്ക്ക് സാധിക്കും.
ഒന്നര മിനിറ്റുകൊണ്ട് അടുത്ത ആക്രമണത്തിന് സജ്ജമാക്കാനാകും. പരിപാലന ചെലുകളും കുറവാണ്. ഡിആർഡിഒ വികസപ്പിച്ച ഈ ആയുധം നിർമിക്കുന്ന കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. അതേസമയം ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തിൽ ഇന്ത്യ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇറ്റലിയുമായുള്ള ബ്രസീലിന്റെ ചർച്ചകളുടെ പുരോഗതി വിലയിരുത്തിയാകും ഭാവി തീരുമാനങ്ങൾ.