കൊച്ചി: എറണാകുളം കാലടിയില്‍ കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആൺസുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജു (22) കാലടി റെയിൽവെ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി മരിച്ചത്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിൽ ബിഎ ഹിസ്റ്ററി വിഭാഗം വിദ്യാർഥിനിയാണ് അഞ്ജന.

മകള്‍ പുഴയിലേക്ക് ചാടുന്ന സമയത്ത് ആണ്‍സുഹൃത്ത് ഒപ്പമുണ്ടായിരുന്നോ എന്ന സംശയം കുടുംബത്തിനുണ്ട്. മരണത്തിന് മുമ്പ് ആണ്‍സുഹൃത്തുമായി ഇനി ഒത്തു പോകാന്‍ കഴിയില്ലെന്ന് അഞ്ജന പറഞ്ഞതായാണ് കൂട്ടുകാരികൾ പറയുന്നത്. പെൺകുട്ടി പുഴയില്‍ വീണ സമയത്ത് പാലത്തില്‍ നിന്ന് ആരോ ഒരാള്‍ ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം പരാതി നൽകിയത്.