വിവാഹപ്രായം തികയാത്ത മുസ്ലീം യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഹിന്ദു യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അനുമതി നൽകുമെന്ന് ബോംബെ ഹൈക്കോടതി. നിലവിൽ മുംബൈയിലെ ഒരു ഷെൽട്ടർ ഹോമിൽ കഴിയുന്ന യുവതിയെ ആർക്കും കസ്റ്റഡിയിൽ നൽകില്ലെന്നും കോടതി വ്യക്തമാക്കി.
“ഞങ്ങൾ അവളെ സ്വതന്ത്രയാക്കും, അവൾ ചെയ്യാൻ ആഗ്രഹിക്കുന്നത് അവൾ ചെയ്യട്ടെ.” ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
20 കാരിയായ യുവതി ഇപ്പോൾ ചെമ്പൂരിലെ സർക്കാർ വനിതാ കേന്ദ്രത്തിൽ താമസിക്കുകയാണ്. വീട് വിട്ട് 19 കാരനായ യുവാവിനൊപ്പം താമസിക്കാൻ തുടങ്ങിയതിന് ശേഷം അവരുടെ പിതാവ് രജിസ്റ്റർ ചെയ്ത പരാതിയെ തുടർന്നാണ് കോടതി സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റിയത്.



