ലിബിയയിൽ നിന്നും ടുണീഷ്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽ പെട്ടു. ജനുവരിയിൽ മാത്രം നൂറുകണക്കിന് ആളുകളുടെ ജീവനാണ് കടലിൽ പൊലിഞ്ഞത്.
ഫെബ്രുവരി 6 ന് ലിബിയ തീരത്ത് കുടിയേറ്റക്കാരെ കയറ്റി വന്ന റബറിൽ തീർത്ത ചെറിയ കപ്പൽ, അപകടത്തിൽ പെടുകയും, രണ്ട് ശിശുക്കൾ ഉൾപ്പെടെ 53 പേർ മരണപ്പെടുകയും, കടലിൽ കാണാതാവുകയും ചെയ്തു. മെഡിറ്ററേനിയൻ കടലിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റക്കാർക്കുവേണ്ടിയുള്ള സംഘടനയുടെ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ രണ്ട് നൈജീരിയൻ സ്ത്രീകളെ മാത്രമേ കരക്കെത്തിക്കുവാൻ സാധിച്ചിട്ടുള്ളൂ. അതിജീവിച്ചവരിൽ ഒരാൾ തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായി പറഞ്ഞപ്പോൾ, മറ്റൊരാൾ ദുരന്തത്തിൽ തന്റെ രണ്ട് കുട്ടികളെ നഷ്ടപ്പെട്ടതായി പറഞ്ഞുവെന്നും സംഘടനയുടെ പ്രസ്താവനയിൽ എടുത്തു പറഞ്ഞു.
ജനുവരിയിൽ, പ്രതികൂല കാലാവസ്ഥ കാരണം മധ്യ മെഡിറ്ററേനിയനിൽ നിരവധി കപ്പൽ അപകടങ്ങളിൽപ്പെട്ട് കുറഞ്ഞത് 375 കുടിയേറ്റക്കാർ മരണപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഈ ആവർത്തിച്ചുള്ള സംഭവങ്ങൾ കുടിയേറ്റക്കാരും അഭയാർത്ഥികളും, അപകടകരമായ രീതിയിൽ കടൽ കടക്കാൻ ശ്രമിക്കുന്നതിന്റെ നിരന്തരവും മാരകവുമായ അപകടസാധ്യതകളെ എടുത്തുകാണിക്കുന്നു. മനുഷ്യക്കടത്ത് ശൃംഖലകൾ ഇത്തരത്തിൽ അഭയാർത്ഥികളെ ഏറെ ചൂഷണം ചെയ്യുന്നുണ്ടെന്നും, ഇവയിൽ നിന്ന് കൊള്ള ലാഭം നേടുകയും ചെയ്യുന്നുണ്ടെന്നും, പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.



