പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷിയ സമുദായത്തിന്റെ ഒരു മതകേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

സ്‌ഫോടനത്തിന് പിന്നിൽ ചാവേറാക്രമണമാകാമെന്ന സംശയമുണ്ടെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.സംഭവസ്ഥലത്ത് പൊലീസ് അടക്കമുള്ള സുരക്ഷാസേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ആക്രമണം ചാവേറാക്രമണമാണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് ഇസ്ലാമാബാദ് പൊലീസ് വ്യക്തമാക്കി.അതേസമയം, ആക്രമണത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.